Cricket Sports

”ധോണി ഇന്ത്യക്കായുള്ള തന്‍റെ അവസാന മത്സരം കളിച്ചുകഴിഞ്ഞു”; ആശിഷ് നെഹ്റ പറയുന്നു…

താനൊരു നായകനോ, പരിശീലകനോ, സെലക്ടറോ ആണെങ്കിൽ എംഎസ് ധോണിയായിരിക്കും തന്റെ പട്ടികയിലെ ഒന്നാം നമ്പർ എന്നും നെഹ്‌റ വ്യക്തമാക്കി

മുന്‍ ഇന്ത്യന്‍ നായകൻ എംഎസ് ധോണിയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ധോണിയുടെ മടങ്ങി വരവ് സംബന്ധിച്ച് സഹതാരങ്ങൾക്കും ഇതിഹാസങ്ങൾക്കും വരെ രണ്ട് അഭിപ്രായമാണുള്ളത്. മുന്‍ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ പറയുന്ന ക്യാപ്റ്റൻ കൂൾ രാജ്യത്തിനായുള്ള തന്റെ അവസാന മത്സരവും കളിച്ചു എന്നാണ്.

“എം‌എസ് ധോണി ഇന്ത്യയ്‌ക്കായി തന്‍റെ അവസാന മത്സരം സന്തോഷത്തോടെ കളിച്ചു. എം‌എസ് ധോണിക്ക് തെളിയിക്കാനൊന്നുമില്ല, വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ഇപ്പോഴും നമ്മൾ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്.” സ്റ്റാർ സ്‌പോർട്സിന്റെ ക്രിക്കറ്റ് കണക്ടിൽ നെഹ്റ പറഞ്ഞു.

എം‌എസ് ധോണിയുടെ അന്താരാഷ്ട്ര കരിയറിനെ സംബന്ധിച്ചിടത്തോളം, ഐ‌പി‌എല്ലിന് അതുമായി യാതൊരു ബന്ധവുമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും നെഹ്‍റ പറഞ്ഞു. താനൊരു നായകനോ, പരിശീലകനോ, സെലക്ടറോ ആണെങ്കിൽ എംഎസ് ധോണിയായിരിക്കും തന്റെ പട്ടികയിലെ ഒന്നാം നമ്പർ എന്നും നെഹ്‌റ വ്യക്തമാക്കി.

“എന്റെ അഭിപ്രായത്തിൽ ധോണിയുടെ കളി ഒരിക്കലും അവസാനിക്കുന്നില്ല. അദ്ദേഹം കളിച്ച അവസാന മത്സരം വരെ ലോകകപ്പ് ഫൈനലിൽ എത്തുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. അവൻ പുറത്തായ നിമിഷം എല്ലാവരുടെയും പ്രതീക്ഷ അവസാനിച്ചു. ആ സമയത്ത് പോലും അദ്ദേഹത്തിന്റെ കളി എന്താണെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു,” നെഹ്റ പറഞ്ഞു.

ഐപിഎല്ലിലൂടെ ധോണി ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരുമോയെന്ന് ചോദ്യത്തിന് ഐപിഎൽ ഒരിക്കലും ധോണിയെ പോലെ ഒരു താരത്തിന്റെ സെലക്ഷൻ മാനദണ്ഡം അല്ലെന്നായിരുന്നു നെഹ്റയുടെ മറുപടി. ഒരു ടീമിനെ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ധോണിക്കറിയാം. യുവതാരങ്ങളെ മുന്നോട്ട് നയിക്കാനും അറിയാം. നെഹ്റ കൂട്ടിച്ചേര്‍ത്തു.