‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത്
ബ്രിട്ടീഷ് കറൻസിയിൽ ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യുന്നു. ഇതോടെ ബ്രിട്ടീഷ് കറൻസിയിൽ ഉൾപ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാകും മഹാത്മാ ഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത്.
നാണയങ്ങളുടെ ഡിസൈൻ തീരുമാനിക്കുന്ന റോയൽ മിന്റ് ഉപദേശക സമിതി ഇന്ത്യൻ രാഷ്ട്രപിതാവിനെ കറൻസിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ആധുനിക ബ്രിട്ടണെ രൂപപ്പെടുത്തുന്നതിൽ പങ്കു വഹിച്ച കറുത്ത വർഗക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന പ്രചാരണത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് മന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ വംശജരായ നൂർ ഇനയാത്ത് ഖാൻ, ജമൈക്കൻ ബ്രിട്ടീഷ് നഴ്‌സ് മേരി സീകോൾ തുടങ്ങിയ വെള്ളക്കാരല്ലാത്തവരുടെ നേട്ടങ്ങൾ ആഘോഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നാണയത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം പരിഗണിക്കുന്നതെന്ന് ഋഷി സുനാക്കിന്റെ ഓഫീസ് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് നാണയത്തിൽ ഗാന്ധിയെ ഉൾപ്പെടുത്തുമെന്ന് മുൻ ചാൻസലർ സാജിദ് ജാവിദ് 2019 ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.