India National

ഒരു ഭാ​ഗത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കും, മറുഭാ​ഗത്ത് ഐപിഎല്ലിന് ചൈനീസ് സ്പോൺസർമാർ: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം

മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമർശനം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്‌പോണ്‍സർമാരായി ചൈനീസ് കമ്പനികൾ തുടരുമെന്ന പ്രഖ്യാപനം വന്നതോടെ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ഒരു ഭാ​ഗത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കുക, മറുഭാ​ഗത്ത് ചൈനീസ് കമ്പനികളെ സ്പോൺസർമാരാക്കുക- മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമർശനം.

ആത്മനിർഭർ ഭാരത് അഭിയാൻ കൊഴിഞ്ഞുപോയി എന്ന ഹാഷ് ടാ​ഗോടെയാണ് കോൺ​ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മോദി സർക്കാരിന് ഇരട്ടത്താപ്പാണെന്ന് വിമർശിച്ചത്. ബിജെപിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു എന്നും അദ്ദേഹം വിമർശിച്ചു.

നാഷണൽ കോൺഫ്രൻസ് നേതാവ് ഉമർ അബ്ദുല്ലയും മോദി സർക്കാരിനെ വിമർശിച്ചു- ഐപിഎൽ ടൈറ്റിൽ സ്പോൺസറായി ചൈനീസ് ഫോൺ കമ്പനി തുടരും. മറുഭാ​ഗത്ത് ജനങ്ങളോട് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ പറയുന്നു. ചൈനയിൽ നിർമിച്ച ടിവികള്‍ ബാല്‍ക്കണിയില്‍ നിന്നൊക്കെ എറിഞ്ഞ് ബഹിഷ്‌കരണം പ്രഖ്യാപിച്ച സുഹൃത്തുക്കളെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. ചൈനീസ് നിക്ഷേപം, പരസ്യങ്ങൾ, സ്പോൺസർമാർ.. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മളിപ്പോഴും ആശയക്കുഴപ്പത്തിലാണെന്നും ഉമർ അബ്ദുല്ല വിമർശിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സറായി ചൈനീസ് ഫോൺ കമ്പനിയായ വിവോ തുടരുമെന്ന് ബിസിസിഐ അറിയിച്ചത്. ഐപിഎല്‍ മത്സര ക്രമങ്ങള്‍ നിശ്ചയിക്കുന്നതിന് വേണ്ടി ഇന്നലെ നടന്ന ബിസിസിഐ യോഗത്തിലാണ് ഈ തീരുമാനം. സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഇത്തവണത്തെ ഐപിഎൽ. ഓൺലൈൻ ​ഗെയിമായ ഡ്രീം 11 കമ്പനി സഹസ്പോൺസറായി തുടരും. പേടിഎം ബിസിസിഐയുടെ ടൈറ്റിൽ സ്പോൺസറാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ആണ് നിലവിൽ ബിസിസിഐ സെക്രട്ടറി.

ഒരു ഭാ​ഗത്ത് സ്വകാര്യതയും രാജ്യസുരക്ഷയും ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകൾ നിരോധിക്കുമ്പോഴാണ് ഔദ്യോ​ഗിക സ്പോൺസർമാരായി ചൈനീസ് കമ്പനികളെ തന്നെ നിലനിർത്തുന്നത്. ടിക് ടോക് ഉൾപ്പെടെ 59 ആപ്പുകളാണ് ആദ്യം നിരോധിച്ചത്. പിന്നാലെ നിരോധിത ആപ്പുകളുടെ ക്ലോണായ 47 ആപ്പുകൾ കൂടി നിരോധിച്ചു.