കാസർകോട് പെരിയ കല്ല്യാട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു. കൃപേഷ്, ശരത്ലാല് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസർകോട് ജില്ലയില്‍ യു.ഡി.എഫ് ഹർത്താല്‍ ആചരിക്കും. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ കൂരാങ്കര സ്വദേശികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ബൈക്കില്‍ സഞ്ചരിക്കവേ ജീപ്പിലെത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു, കൃപേഷ് ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരിച്ചു. ശരത് ലാലിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോൺഗ്രസ് നേതാക്കള്‍ ആരോപിച്ചു. നേരത്തെ കല്ല്യാട്ട് വെച്ച് നടന്ന സി.പി.എം – കോൺഗ്രസ് സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിച്ച പ്രവർത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്താന്‍ കെ.എസ്.യു തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് കാസര്‍കോട് എത്തും. ജനമഹായാത്രയുടെ ഇന്നത്തെ പര്യടനം റദ്ദാക്കിയാണ് മുല്ലപ്പള്ളി കാസര്‍കോട് എത്തുന്നത്.