Kerala

സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി

‘നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ അടച്ചിടല്‍ വിദഗ്ധരടക്കം പങ്കുവെക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘നേരത്തെ നമ്മള്‍ സമ്പൂര്‍ണലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് വരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നതും. 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് തെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

1,59,777 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളിലുണ്ട്. 1164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8818 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 53 പേര്‍ ഐസിയുവിലാണ്. ഒന്‍പത് പേര്‍ വെന്റിലേറ്ററിലാണ്. ഇതുവരെ ആകെ 3,18,644 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.