India Kerala

ചാലക്കുടിയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമാവും

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ഏറ്റവും അധികം സങ്കീര്‍ണ്ണമാക്കുന്ന മണ്ഡലങ്ങളിലൊന്നായിരിക്കും ചാലക്കുടി. രണ്ടാം സീറ്റെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് ചാലക്കുടിയില്‍ അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു. അതേ സമയം ചാലക്കുടിയില്‍ നിന്ന് കോണ്‍ഗ്രസ് കുപ്പായത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളുടെ നീണ്ട നിരയാണ് കാത്തിരിക്കുന്നത്

മണ്ഡല രൂപീകരണത്തിന് ശേഷം 2009ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പമായിരുന്നു ചാലക്കുടി. കേന്ദ്രനേതൃത്വത്തിന്റെ ഒത്താശയോടെ സിറ്റിങ് എം.പിയെ മാറ്റി പി.സി ചാക്കോ മത്സരത്തിനെത്തിയതോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായ ഇന്നസെന്റിലൂടെ മണ്ഡലം ഇടതുപക്ഷം പിടിച്ചു. പക്ഷേ ഇത്തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമോ എന്നത് പോലും സംശയമാണ്.

കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റെന്ന ആവശ്യവുമായി രംഗത്തുള്ള പി.ജെ ജോസഫ് പ്രഥമ പരിഗണന നല്‍കുന്ന മണ്ഡലമാണ് ചാലക്കുടി. ചാലക്കുടിയുടെ പഴയ മണ്ഡലമായ മുകുന്ദപുരത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒരിക്കല്‍ മത്സരിച്ച് വിജയിച്ചിട്ടുമുണ്ട്. സീറ്റിനായി കേരളാ കോണ്‍ഗ്രസ് രംഗത്ത് വന്നതോടെ സീറ്റിന്റെ അവകാശവാദം ഉറപ്പിച്ചെടുക്കാന്‍ മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് ഏറെ പരിശ്രമിക്കേണ്ടി വരും. എന്നിരുന്നാലും ചുമരെഴുത്തടക്കം ആരംഭിച്ച് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായാലും സ്ഥാനാര്‍ഥി ആരാണെന്നതാണ് കോണ്‍ഗ്രസിലെ അടുത്ത പ്രശ്നം. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്റെ പേര് തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും പ്രതാപന് കൂടുതല്‍ താല്‍പര്യം ചാലക്കുടിയാണ്. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ആദ്യ വിജയം സ്വന്തമാക്കിയ കെ.പി ധനപാലനും സീറ്റിന് ആവശ്യമുന്നയിച്ച് കഴിഞ്ഞു.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ തന്നെ മത്സരത്തിനെത്തുമെന്നും മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നു. ഏതായാലും തൃശൂര്‍ മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ഥിയാകും എന്നതിനെ അടിസ്ഥാനമാക്കിയാകും ചാലക്കുടിയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. തൃശൂരില്‍ ടി.എന്‍ പ്രതാപന്‍ സ്ഥാനാര്‍ഥിയായാല്‍ സാമുദായിക പരിഗണന മുന്‍ നിര്‍ത്തി ബെന്നി ബെഹനാന് സീറ്റ് ഉറപ്പിക്കാനാവും