Health

ആന കൊടുത്താലും കുഞ്ഞുവാവക്ക് സ്മാർട്ട്ഫോൺ കൊടുക്കരുത്

മുതിർന്നവരിലെ സ്മാർട്ട്ഫോൺ ഉപയോഗം കാഴ്ചക്കുറവും കഴുത്തുവേദനയും ഉറക്കമില്ലായ്മയും മുതൽ ഉത്കണ്ഠയും വിഷാദരോഗവും വരെ ഉണ്ടാക്കുമെന്ന് പല പഠനങ്ങളുടെയും വെളിച്ചത്തിൽ ഏറെക്കുറെ സ്ഥാപിക്കപ്പെട്ടതാണ്. അൽപം മുതിർന്ന കുട്ടികളിലും മുറിഞ്ഞ ഉറക്കം, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാരകമായ അവസ്ഥകൾ സൃഷ്ടിക്കാൻ അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കാരണമാകുന്നുവെന്നും വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ തീരെ ചെറിയ കുട്ടികളിലോ? നടക്കാനും സംസാരിക്കാനും തുടങ്ങുന്ന പ്രായത്തിൽ തന്നെ ഫോണിൽ വീഡിയോകളും പാട്ടുകളും കണ്ടു നടക്കുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയാണ്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനുള്ള ഉത്സാഹവുമായി നടക്കുന്ന പ്രായമായതിനാൽ തന്നെ കുട്ടികളെ അടക്കിയിരുത്താൻ പല രക്ഷിതാക്കളും ഉപയോഗിക്കുന്ന എളുപ്പ മാർഗമാണ് സ്മാർട്ട്ഫോണുകൾ. കുട്ടിപ്പാട്ടുകളുടെ അനന്തമായ ലോകത്ത് മുഴുകി എത്ര മണിക്കൂറുകൾ വേണമെങ്കിലും ഫോണിന്റെ മുന്നിൽ ചെലവഴിക്കുന്ന കുഞ്ഞുവാവകൾ ഇന്നുണ്ട്. പാട്ടുകളിലൂടെയും വീഡിയോകളിലൂടെയും അവർ പലതും പഠിക്കുന്നുണ്ടെന്ന് സ്വയം സമാധാനിക്കുന്ന രക്ഷിതാക്കളും കുറവല്ല.

എന്നാൽ ഗൌരവകരമായ പല ആരോഗ്യ-മാനസിക പ്രശ്നങ്ങളിലേക്കും വഴിനയിക്കുന്ന ഒരു ശീലമാണിതെന്ന് പല രക്ഷിതാക്കളും ചിന്തിക്കുന്നില്ല. 2017ൽ കാനഡയിലെ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രനിലെ ഡോക്ടർമാർ നടത്തിയ പഠനത്തിൽ 18 മാസത്തിനു താഴെയുള്ള കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം അവരുടെ സംസാരം വളരെയധികം വൈകിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. 30 മിനുറ്റ് നേരത്തെ ഉപയോഗം പോലും സംസാരം വൈകാനുള്ള സാധ്യത 49 ശതമാനത്തോളം വർദ്ധിപ്പിച്ചതായി 900ഓളം കുട്ടികളെ ഉൾപ്പെടുത്തിയ പഠനം ചൂണ്ടിക്കാട്ടി.