സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പൊലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും ഇന്ന് നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
ഷോപ്പുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപര സ്ഥാപനങ്ങളും വൈകുന്നേരം അഞ്ചുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു. ഹോട്ടലുകളില്‍ ഇരന്നു ഭക്ഷണം കഴിക്കുന്നത് വൈകുന്നേരം അഞ്ചുമണിവരെ മാത്രമേ അനുവദിക്കുകയുള്ളു. ഹോട്ടലുകളില്‍ പാഴ്‌സല്‍ സേവനം രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം. വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ പ്രവര്‍ത്തനം നിരോധിച്ചു. ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകള്‍ ഈ മാസം 31 വരെ പൂര്‍ണമായും അടച്ചിടും. ഞായറാഴ്ച ദിവസങ്ങളില്‍ ബീച്ചുകളുള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനമില്ല. ഞായറാഴ്ച ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം പ്രവര്‍ത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാറന്റീന്‍ കോണ്‍ട്രാക്ടര്‍മാര്‍ സജ്ജമാക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.
അതേസമയം, കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡിഎസ്‌സി സെന്ററിലെ 30 ജവാന്മാര്‍ക്കും, പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാര്‍, ഒരു നേഴ്‌സ്, ഒരു റേഡിയോഗ്രാഫര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും കൊവിഡ് ബാധിച്ചത്. രാമന്തളി, കുന്നോത്തുപറമ്പ്, പന്ന്യന്നൂര്‍, മൊകേരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശികള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.