India Kerala

ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു; പരീക്ഷകള്‍ മാറ്റി

കാസർകോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നു. കോഴിക്കോട് പന്തീര്‍പാടത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു.

ആറ്റിങ്ങലില്‍ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് കടകള്‍ അടപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 11 മണിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

അതേസമയം ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‍റ നിര്‍ദേശം നല്‍കി. വേണ്ട സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അക്രമമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഡി.ജി.പി അറിയിച്ചു.

ഇന്നത്തെ യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ മാറ്റിവെച്ചു. ഇന്ന് നടത്താനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ മോഡല്‍ പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എം.ബി.എ, എം.സി.എ, ബി ടെക് പരീക്ഷകളും മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കിച്ചു എന്ന കൃപേഷ്, ജോഷി എന്നിവരെയാണ് കാസർകോട് പെരിയ കല്ല്യാട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണത്തിന്റെ മറവില്‍ ഗുണ്ടകളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള സമീപനമാണ് സര്‍ക്കാരിന്റേതെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സംവിധാനം നിഷ്ക്രിയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം സി.പി.എം ആരോപണം നിഷേധിച്ചു.