ഇന്ത്യയിലെ പ്രസിദ്ധ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ 280 ഔട്ട്‌ലെറ്റുകൾ പൂട്ടി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് ഇത്രയും ഔട്ട്‌ലെറ്റുകൾ പൂട്ടിയിരിക്കുന്നത്. കമ്പനി ലാഭത്തിലാക്കാനാണ് ഈ നീക്കം.
ശൃംഖലയ്ക്ക് രാജ്യത്ത് നിലവിലുള്ളത് 1480 കോഫി ഷോപ്പുകളാണ് ഉള്ളത്. സ്ഥാപനത്തിലെ ശരാശരി പ്രതിദിന വിൽപന 15,739ൽ നിന്ന് 15,445 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് വ്യത്യാസം വന്നത്. പ്രവർത്തന ചെലവിലുണ്ടായ അന്തരം മൂലം ലാഭം വർധിപ്പിക്കുന്നതിനാണ് 280 ഔട്ട്‌ലെറ്റുകൾ പൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.
കമ്പനി ഉടമയായ വിജി സിദ്ധാർത്ഥയുടെ മരണത്തോടെയാണ് കഫേ കോഫി ഡേയുടെ നടത്തിപ്പിൽ മാറ്റം വന്നു തുടങ്ങിയത്. കഴിഞ്ഞ വർഷം ഇദ്ദേഹത്തെ കാണാതാകുകയും തുടർന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കമ്പനിയുടെ നഷ്ടങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന കത്തും കണ്ടെത്തി.
1644 കോടി രൂപയുടെ കടമാണ് കമ്പനിക്കുണ്ടായിരുന്നത്. 13 വായ്പാ ദാതാക്കളുടെ കടം വീട്ടിയത് കമ്പനിയുടെ ആസ്തികൾ വിറ്റിട്ടാണ്. കഫേ ഡേ ഗ്ലോബലിന്റെ താഴെയുള്ള കഫേ ഡേ എന്റർപ്രൈസസിന്റെ കീഴിലാണ് ഇപ്പോൾ കോഫി ഷോപ്പുകൾ പ്രവർത്തിക്കുന്നത്. ബെംഗളൂരിവിലെ ഗ്ലോബൽ വില്ലേജിലുണ്ടായിരുന്ന ടെക് പാർക്ക് കഴിഞ്ഞ വർഷം തന്നെ വിദേശ കമ്പനിക്ക് കൈമാറിയിരുന്നു.