National

കോവിഡ് വ്യാപനം രൂക്ഷം; ഇനി ദൈവത്തിന് മാത്രമേ കര്‍ണാടകയെ രക്ഷിക്കാനാകൂവെന്ന് ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം

കോവിഡിനെ പിടിച്ചുകെട്ടാനാവാതെ ഉഴലുകയാണ് കര്‍ണാടക. ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ദൈവിക ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ കര്‍ണാടകയെ രക്ഷിക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോവിഡ് കേസുകള്‍ കൂടുന്നത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഇനി ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാനാകൂ. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ മൊൽക്കൽമുരു നിയമസഭാ മണ്ഡലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വൈറസിന് സമ്പന്നരെന്നോ ദരിദ്രരെന്നോ ഇല്ല, ഡോക്ടറെന്നോ മന്ത്രിയെന്നോ ഇല്ല..ആരെയും രോഗം ബാധിക്കാം. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്.

വൈറസ് ബാധിതര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ സര്‍ക്കാരിന്‍റെ അനാസ്ഥയെന്നോ, മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലായ്മയെന്നോ, ഏകോപനത്തിലെ വീഴ്ചയെന്നോ പറയാം. എന്നാല്‍ ആരുടെയും കൈ കൊണ്ട് വൈറസിനെ തടഞ്ഞ നിര്‍ത്താന്‍ സാധിക്കില്ലെന്നും ശ്രീരാമുലു പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ ഈ പ്രസ്താവന വലിയ വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. കാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡ് കേസുകള്‍ കൂടിവരികയാണ്.

44,077 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 842 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. 17,390 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.