Kerala

കാസര്‍കോട് ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം; സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 49 പേര്‍ക്ക്

കാസര്‍കോട് ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം. ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 49 പേര്‍ക്കാണ്. 6 പേരുടെ രാഗബാധയുടെ ഉറവിടം വ്യക്തമല്ല. കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നാളെ മുതല്‍ ജില്ലയില്‍ പൊതുഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തും.

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.

രോഗികള്‍ കൂടുതലുള്ളതും രോഗവ്യാപന സാധ്യത വര്‍ദ്ധിച്ചതുമായ പ്രദേശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന പച്ചക്കറി വാഹനങ്ങള്‍ക്ക് ഈ മാസം 31 വരെ ജില്ലിയിലേക്ക് പ്രവേശനം നൽകില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

ചെങ്കള 28, മധൂർ 9, മഞ്ച്വേശം 8, കാസർകോട് നഗരസഭ 3, കുമ്പള, മുളിയാർ രണ്ട് വീതം, മൊഗ്രാൽ പുത്തൂർ, മീഞ്ച. ചെറുവത്തൂർ എന്നിവിടങ്ങളിൽ ഒരോന്ന് വീതവുമാണ് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്ത് നിന്ന് വന്ന 6 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 13 പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തിൽ മാത്രം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 590 ആയി. ഇതിൽ 157 പേർക്ക് സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്.