ഇന്ത്യൻ ജുഡീഷ്യറിയിലും എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളിലും പൂർണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി
സ്വർണകടത്തു കേസില്‍ നടക്കുന്ന അന്വേഷണത്തില്‍ യുഎഇക്ക് സംതൃപ്തി. അന്വേഷണം കോൺസുലേറ്റിനെ പൂർണമായും കുറ്റവിമുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ. അതേസമയം കേസിലുൾപ്പെട്ട ദുബൈയിലെ ഫൈസൽ ഫരീദിനെതിരായ നീക്കം ശക്തമായി.
ഇന്ത്യൻ ജുഡീഷ്യറിയിലും എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളിലും പൂർണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി അഹ്മദ് അൽ ബന്ന പ്രതികരിച്ചു. അന്വേഷണം പൂർത്തിയാകുന്നതോടെ തങ്ങളുടെ നയതന്ത്ര കേന്ദ്രം കുറ്റവിമുക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്വർണക്കടത്തു കേസിലെ അന്വേഷണത്തിൽ കോൺസുലേറ്റിലെ ഉന്നതർക്കോ ജീവനക്കാർക്കോ ഇതുവരെ പങ്കൊന്നും കണ്ടെത്താനായില്ലെന്നാണ് ഏജൻസികൾ യു.എ.ഇയെ അറിയിച്ചിരിക്കുന്നത്.
അതേസമയം ദുബൈയിലുള്ള ഫൈസൽ ഫരീദിനെതിരായ കൂടുതൽ തെളിവുകൾ ഇന്ത്യ യു.എ.ഇക്ക് കൈമാറിയെന്നാണ് വിവരം. കാർഗോ അയച്ചതിന്റെ ഇൻവോയ്സ് രേഖകൾക്കൊപ്പം കോൺസുലേറ്റിന്റെ പേരിൽ സ്വർണം കടത്താൻ യു.എ.ഇയുടെ വ്യാജസീലും എംബ്ലവും ഫൈസൽ ഫരീദ് നിർമിച്ചതായും ഇന്ത്യ ആരോപിക്കുന്നുണ്ട്. തീവ്രവാദ പ്രവർത്തനം ലക്ഷ്യം വെച്ചാണ് സ്വർണം കടത്തിയതെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലും അടിയന്തര നടപടികൾക്ക് യു.എ.ഇയെ പ്രേരിപ്പിക്കും. ഇന്നലെ വൈകീട്ട് മുതൽ ഫൈസൽ ഫരീദിനെ ആർക്കും ബന്ധപ്പെടാനാകാത്ത സാഹചര്യമാണുള്ളത്.