ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല
എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ കൂടുതലും ചെല്ലാനം സ്വദേശികള്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം മന്ത്രി വി.എസ് സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേരും.
ഏറ്റവുമൊടുവില്‍ സ്ഥിരീകരിച്ച 70 കോവിഡ് രോഗബാധിതരില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതിലേറെ പേരും ചെല്ലാനത്ത് നിന്നുളളവരാണ്. ആകെ രോഗബാധിതരുടെ കണക്കെടുത്താലും ചെല്ലാനം കണക്കില്‍ ഒന്നാം സ്ഥാനത്ത് തന്നെ. 403 രോഗബാധിതരില്‍ നൂറിലധികം പേര്‍ക്കാണ് ചെല്ലാനത്ത് മാത്രം രോഗം ബാധിച്ചിരിക്കുന്നത്. ചെല്ലാനത്ത് 20 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെല്ലാനത്ത് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. നിലവില്‍ ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. തീരദേശമേഖലയായതിനാല്‍ ട്രിപ്പിള്‍ ലോക്ഡൌണും നിലനില്‍ക്കുന്നു.
ചെല്ലാനത്ത് പ്രഥമ ശുശ്രൂഷ നല്‍കുന്നതിനായി 50 കിടക്കകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിനായി സെന്‍റ്. ആന്‍റണീസ് പള്ളിയോട് ചേർന്നുള്ള കെട്ടിടം ഉപയോഗപ്പെടുത്തും. സമ്പര്‍ക്കപ്പട്ടികയിലുളളവരുടെയും അല്ലാത്തവരുടെയും സ്രവങ്ങള്‍ ശേഖരിച്ചുവരികയാണ്. ആലുവ ക്ലസ്റ്ററില്‍ ഇന്നലെ 13 പേര്‍ക്കും കരുമാലൂരില്‍ എട്ട് പേര്‍ക്കും കീഴ്മാട് നാല് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇടപ്പളളി, പല്ലാരിമംഗലം,പച്ചാളം, കവളങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റ് രോഗബാധ. വിദേശത്ത് നിന്നുമെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല. ജില്ലയില്‍ പുതിയ 9 കണ്ടെയ്ന്‍മെന്‍റ് സോണ്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.