Kerala

തീരദേശ ജില്ലകളിലെ വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതിയുമായി കിഫ്ബി

ഇതിനായി സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 56 സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കും

മത്സ്യബന്ധന മേഖലയുടെ വികസനം വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ എന്ന ആശയത്തില്‍ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ സർക്കാർ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

മൽസ്യത്തൊഴിലാളി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മാത്രമേ സാധിക്കൂവെന്ന് പദ്ധതി പ്രഖ്യാപിക്കവെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 56 സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കും. ലക്ഷ്യത്തിനായി കിഫ്ബി വഴി 64 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. ഈ വിദ്യാലയങ്ങളിൽ ക്ലാസ് മുറികൾ, ലൈബ്രറി, ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചി മുറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.

തീരദേശ ജില്ലകളിലെ വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതിയുമായി കിഫ്ബി

പദ്ധതിയുടെ ആദ്യ ഘട്ട ധനസഹായം കിഫ്ബി അനുവദിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു. ചടങ്ങിൽ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

തീരദേശ ജില്ലകളിലെ വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതിയുമായി കിഫ്ബി

പദ്ധതികൾ ഇതിനകം തന്നെ തീരദേശ വികസന കോർപ്പറേഷൻ ടെൻഡർ ചെയ്തു കഴിഞ്ഞു. 6 മുതൽ 12 മാസക്കാലയളവിൽ പദ്ധതികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ജില്ല അടിസ്ഥാനത്തിൽ പദ്ധതികളുടെ വിശദാംശം

  • തിരുവനന്തപുരം – 3 സ്കൂളുകൾ – 3.72 കോടി രൂപ
  • കൊല്ലം- 8 സ്കൂളുകൾ – 10.38 കോടി രൂപ
  • ആലപ്പുഴ – 5 സ്കൂളുകൾ – 8.38 കോടി രൂപ
  • എറണാകുളം – ഒരു സ്ക്കൂൾ – 81 ലക്ഷം രൂപ
  • തൃശൂർ – 4 സ്കൂളുകൾ – 4.97 കോടി രൂപ
  • മലപ്പുറം – 7 സ്കൂളുകൾ – 6.07 കോടി രൂപ
  • കോഴിക്കോട് – 8 സ്കൂളുകൾ – 6.27 കോടി രൂപ
  • കണ്ണൂർ – 11 സ്കൂളുകൾ – 13 കോടി രൂപ
  • കാസർകോട് – 9 സ്കൂളുകൾ – 10.62 കോടി രൂപ
തീരദേശ ജില്ലകളിലെ വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതിയുമായി കിഫ്ബി