സമ്പര്‍ക്കം മൂലം ഉള്ള രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ അതീവ ജാഗ്രത. ആലുവ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതല്‍. ജില്ലയില്‍ പുതിയ 12 ഹോട്ട്സ്പോട്ടുകള്‍ കൂടി ഏര്‍പ്പെടുത്തി. എറണാകുളം മാര്‍ക്കറ്റ് പുറമേ ജില്ലയിലെ ആലുവ, ചമ്പക്കര, വരാപ്പുഴ മാര്‍ക്കറ്റുകള്‍ പൂര്‍ണമായി അടച്ചു. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം എറണാകുളം ജില്ലയില്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ആലുവയാണ് ജില്ലയില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. ആലുവ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട്
രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ മാര്‍ക്ക് പൂര്‍ണ്ണമായും അടച്ചു. 13 ഹോട്ട്സ്പോട്ടുകളാണ് ആലുവയില്‍ മാത്രമുള്ളത്. ചെല്ലാനത്തും സമ്പര്‍ക്കത്തിലൂടെയുള്ള രോഗം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ 10 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ചെല്ലാനം പഞ്ചായത്ത് പൂര്‍ണ്ണമായും കണ്ടൈയ്ന്‍മെന്റ് സോണാക്കി. ക്ലസ്റ്റര്‍ കണ്ടൈയ്ന്മെന്റായി തിരിച്ച് ഭൂരിഭാഗം പേരിലും പരിശോധന നടത്താനാണ് തീരുമാനം.
എറണാകുളം മാര്‍ക്കറ്റിലെ ആശങ്കയൊഴിഞ്ഞെങ്കിലും രണ്ട് ദിവസത്തേക്ക് കൂടി മാര്‍ക്കറ്റ് തുറക്കില്ല. ചമ്പക്കര വരാപ്പുഴ മാര്ക്കറ്റുകലും അടച്ചു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അല്ലെങ്കിലും കര്‍ശന നിയന്ത്രണങ്ങളാണ് കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ ഉള്ളത്. നിലവില്‍ 215 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.