തണ്ണിക്കോട് മെറ്റല്‍സ് പ്രവര്‍ത്തിച്ചത് രേഖകളില്ലാതെയാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി
ഇടുക്കി ഉടുമ്പന്‍ചോലയിലെ വിവാദ ക്രഷറിന് സ്റ്റോപ്പ് മെമ്മോ. തണ്ണിക്കോട് മെറ്റല്‍സ് പ്രവര്‍ത്തിച്ചത് രേഖകളില്ലാതെയാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി.
അനുമതിയില്ലാതെ കോടികള്‍ വിലമതിക്കുന്ന നിര്‍മ്മാണ വസ്തുക്കള്‍ സ്ഥാപനത്തില്‍ സംഭരിച്ച് വില്പന നടത്തിയെന്നും റവന്യു വകുപ്പ് കണ്ടെത്തി. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചതിന് മെറ്റല്‍സ് ഉടമ റോയി കുര്യന് ഉള്‍പ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു.
ക്രഷറിന് ലൈസന്‍സ് ഇല്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്ത് സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയിരുന്നു. അനുവദിച്ചതില്‍ കൂടുതല്‍ പാറ പൊട്ടിച്ചതിനാല്‍ രണ്ട് വര്‍ഷം മുന്‍പ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്കിയ പാറമടയാണ് ചതുരംഗപ്പാറയിലേത്. ഇതേ പാറമടയിലാണ് കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ണിക്കോട്ട് ഗ്രൂപ്പ് ക്രഷര്‍ ആരംഭിച്ചിരിക്കുന്നത്. ക്രഷറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നിശാപാര്‍ട്ടി വിവാദമായിരുന്നു. കേസില്‍ ആറ് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടിരുന്നു.