ഇന്നലെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം ആര്യനാട് അതീവ ജാഗ്രത. കെ.എസ്.ആര്.ടി.സി ബസ് ഡിപ്പോ അടച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ബേക്കറികള്‍, കെ.എസ്.ആര്.ടി.സി ഡിപ്പോ എന്നിവിടങ്ങളില്‍ ഒരാഴ്ചക്കിടയില്‍ സന്ദര്‍ശനം നടത്തിയവര്‍ ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍, ബസ് സ്റ്റേഷന് മാസ്റ്റര്‍, രണ്ട് ആശവര്‍ക്കര്‍മാര്‍, ബേക്കറി ഉടമ എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്കാണ് രോഗബാധയെന്നതിനാല് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായോ പഞ്ചായത്തുമായോ ബന്ധപ്പെടണം. ഇതിനായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹെല്പ് ഡസ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയിലെ സ്റ്റേഷന് മാസ്റ്ററും ഉള്‍പ്പെട്ടതിനാല്‍ ഡിപ്പോ അടച്ചു. ഡിപ്പോയും ബസുകളും അണുനശീകരണം നടത്തും. ആര്യനാട് നിന്നുള്ള പ്രധാന സര്‍വീസുകള്‍ താത്കാലികമായി നെടുമങ്ങാട്, കാട്ടാക്കട ഡിപ്പോകളില്‍ നിന്ന് നടത്താനാണ് നിര്‍ദേശം.