നയതന്ത്ര പാര്‍സലില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷിനെ കസ്റ്റംസിന് ഇനിയും പിടികൂടാനായില്ല. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ലാറ്റിൽ കസ്റ്റംസ് വീണ്ടും പരിശോധന നടത്തി. യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വപ്ന ഒളിവിൽ പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ പരിശോധന തുടരുകയാണ്.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കുന്നു. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി പുറത്ത് നിന്നുള്ളയാള്‍ എങ്ങനെ ഭക്ഷ്യവസ്തുക്കളടങ്ങിയ പാക്കറ്റ് അയച്ചുവെന്നും അന്വേഷിക്കും. കേസിലെ പ്രതിയായ സരിത്തിനെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തു. അതേസമയം സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണം ശക്തമാക്കി പ്രതിപക്ഷം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയിലേക്ക് കൂടി കാര്യങ്ങള്‍ എത്തുമെന്ന് കണ്ടതിനാലാണ് എം ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തില്‍ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ദീര്‍ഘാവധിക്ക് ശിവശങ്കര്‍ അപേക്ഷ നല്കി.