India National

ലേയില്‍ നരേന്ദ്ര മോദി സന്ദര്‍ശിച്ചത് ആശുപത്രി തന്നെയെന്ന് സൈന്യം

പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം നാടകമാണെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സേനയുടെ വിശദീകരണം

ലേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചത് ആശുപത്രി തന്നെയെന്ന് സൈന്യം. ചില കേന്ദ്രങ്ങള്‍ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുകയാണെന്നും ധീരരായ ജവാന്മാര്‍ക്ക് മികച്ച ചികിത്സയാണ് സൈന്യം നല്‍കുന്നതെന്നും അതിനായി സജ്ജമാക്കിയ ആശുപത്രിയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചതെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം നാടകമാണെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സേനയുടെ വിശദീകരണം. ചിത്രത്തില്‍ പ്രൊജക്ടറും സ്‌ക്രീനും ഉള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമായും വിമര്‍ശനം. പ്രധാനമന്ത്രിക്കു സന്ദര്‍ശിക്കായി മികച്ച സൗകര്യങ്ങളുള്ള ആശുപത്രി സംവിധാനം ഒരുക്കിയെന്നായിരുന്നു ആരോപണം.

ലേയിലെ ജനറല്‍ ആശുപത്രിയുടെ ഭാഗമാണ് സൈനികരെ ചികിത്സിക്കുന്ന സംവിധാനമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. കോവിഡ് പ്രോട്ടോക്കോളിനെത്തുടര്‍ന്ന് ചില വാര്‍ഡുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളായി മാറ്റേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ നേരത്തെ ട്രെയിനിങ് ഓഡിയോ വിഡിയോ ഹാള്‍ ആയി ഉപയോഗിച്ചിരുന്ന സ്ഥലം വാര്‍ഡ് ആക്കി മാറ്റുകയായിരുന്നു. ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയായതു മുതല്‍ ഈ സജ്ജീകരണം വരുത്തിയിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കി.

കോവിഡ് വാര്‍ഡുകളില്‍നിന്നു മാറ്റിനിര്‍ത്തേണ്ടതുള്ളതുകൊണ്ട് ഗല്‍വാനില്‍ പരിക്കേറ്റ സൈനികരെ ഇവിടെ എത്തിച്ചതു മുതല്‍ ഈ വാര്‍ഡിലാണ് ചികിത്സിക്കുന്നത്. കരസേനാ മേധ്വി എം.എം നരവാനേയെും ആര്‍മി കമാന്‍ഡറും ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നെന്നും സൈന്യം അറിയിച്ചു.