വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. എന്നാല്‍ സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കും. ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും വിധു വിന്‍സെന്റ് വ്യക്തമാക്കി.
ഡബ്ല്യുസിസിയുടെ രൂപീകരണം മുതല്‍ വിധു വിന്‍സെന്റ് സംഘടനയില്‍ സജീവമായിരുന്നു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഡബ്ല്യുസിസി ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലെല്ലാം വിധു വിന്‍സെന്റ് മുന്നിലുണ്ടായിരുന്നു. എന്നാല്‍ സംഘടനാ രൂപീകരണത്തില്‍ മുന്നിലുണ്ടായിരുന്ന മഞ്ജു വാര്യര്‍ പിന്നീട് സജീവമല്ലാതായി. ഇപ്പോള്‍ വിധുവും പിന്മാറിയിരിക്കുകയാണ്.
മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകളുടെ സംവിധായികയാണ് വിധു വിന്‍സെന്റ്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന് ദിലീപ് ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ നായകനാക്കി സിനിമ ചെയ്ത ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് സിനിമ ചെയ്തതിനെതിരെ വിധുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചില നിര്‍ണായക ഘട്ടങ്ങളില്‍ ഡബ്ല്യുസിസി കൃത്യമായി ഇടപെട്ടില്ലെന്ന് വിധുവിനും വിമര്‍ശനമുണ്ടെന്നാണ് സൂചന.
വിധു വിന്‍സെന്റിന്റെ ഫേസ് ബുക്ക് പോസ്റ്റ്
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.