കോഴിക്കോട് ജില്ലയിൽ 14 പേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വലിയങ്ങാടിയിലെ വ്യാപാരിക്ക് സമ്പർക്കത്തിലൂടെ രോഗം വന്നതോടെ കൂടുതൽ പേരുടെ സ്രവ പരിശോധന നടത്താനും തീരുമാനിച്ചു. ഹോട്ട് സ്പോട്ടുകളിൽ കർശന ക്രമീകരണം ഏർപ്പെടുത്താനും ജില്ലാ തല അവലോകന യോഗത്തിൽ തീരുമാനമായി.
മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും പലയിടത്തും ജാഗ്രതയിൽ വീഴ്ച സംഭവിക്കുന്നതായി യോഗം വിലയിരുത്തി. മാർക്കറ്റുകൾ, ഹാർബറുകൾ തുടങ്ങിയ തിരക്ക് പിടിച്ച സ്ഥലങ്ങളിൽ പോലീസിനെ ഉപയോഗിച്ച് കർശനമായ നിയന്ത്രണം ഏർപ്പെടുത്തും.
ജില്ലയിൽ 14 പേർക്ക് കൂടെ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കോഴിക്കോട് വലിയങ്ങാടിയില്‍ കച്ചവടം നടത്തിയിരുന്ന കൊളത്തറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന്, സമീപത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും സ്രവ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.