നേരത്തെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകളും പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പൃഥിരാജ് നായകനായി പ്രഖ്യാപിച്ച വാരിയംകുന്നന് സിനിമക്കെതിരെ വിമര്‍ശനവുമായി സംവിധായകന് രാജസേനന്. പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ ചരിത്രം വളച്ചൊടുക്കുമെന്നും രാജസേനൻ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് നടന്ന നല്ല കാര്യങ്ങളെയൊക്കെ ഇവർ എതിർത്തു. വാരിയംകുന്നൻ സിനിമയിലൂടെ ഇവർ ചരിത്രത്തെ വളച്ചൊടിക്കുമെന്നും ബി.ജെ.പി അനുഭാവിയും സംവിധായകനുമായ രാജസേനന് പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രാജസേനന്റെ അഭിപ്രായ പ്രകടനം.
നേരത്തെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകളും പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. നടന് പൃഥിരാജിനെതിരെ വ്യാപക സൈബര്‍ ആക്രമണവും നടന്നിരുന്നു. ചിത്രം പ്രഖ്യാപിച്ചതിനെതിരെ ബി.ജെ.പി മെമ്പറും സംവിധായകനുമായ അലി അക്ബറിന്റെ നേതൃത്വത്തില്‍ 1921 എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു.
രാജസേനന്റെ വാക്കുകള്‍:
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിർത്തവരാണ് ആഷിഖ് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവർ കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലും രാജ്യം നന്നാകാൻ താല്പര്യം കാണില്ല. അവർക്ക് ജനങ്ങൾ എന്നും പട്ടിണിയിലും വിദ്യാഭ്യാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് താല്പര്യം. അല്ലെങ്കിൽ അവർക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളർന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം.
കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളായ ആഷിഖ് അബുവും പൃഥ്വിരാജും ആ സിനിമയുടെ ആൾക്കാരായി മാറിയപ്പോൾ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. ടിവിയിൽ ഒക്കെ ഇവർ ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ലേ, ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കോവിഡിന്റെ കാര്യത്തിൽ കേരളം ഒന്നാമതാണെന്ന് പറയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഫ്ലൈറ്റ് ഇറങ്ങിയ പ്രവാസികൾ കഷ്ടപ്പെടുന്നത് ഞാൻ കണ്ടതാണ്.
ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയും ചരിത്രം വളച്ചൊടിക്കും. അവർ പറയുന്ന പ്രസ്താവനകളിൽ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. അവർക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമർശിക്കാനുള്ള അവകാശം നമുക്കുമുണ്ട്.