ജൂലൈയില്‍ മനുഷ്യരില്‍ വാക്സിന് പരീക്ഷണം നടത്താനുളള തയ്യാറെടുപ്പിലാണ് കമ്പനി
കോവിഡിനെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ അനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിനാണ് ഡ്രഗ്സ് കണ്ട്രോളര് മനുഷ്യനില്‍ വാക്സിന് പരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനിക്ക് മനുഷ്യനില്‍ വാക്സിന് പരീക്ഷണം നടത്താന്‍ അനുമതി ലഭിക്കുന്നത്. ജൂലൈയില്‍ മനുഷ്യരില്‍ വാക്സിന് പരീക്ഷണം നടത്താനുളള തയ്യാറെടുപ്പിലാണ് കമ്പനി.
ഭാരതി ബയോടെക്കിന്റെ കോവാക്സിന് എന്ന മരുന്നിനാണ് മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്‍കിയത്. കോവാക്സിന്റെ ഉപയോഗം മൂലം രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടായ പ്രതികരണം ഉള്‍പ്പെടെയുളള ഫലങ്ങളാണ് കമ്പനി ഡ്രഗ്സ് കണ്ട്രോളറിന് മുന്‍പാകെ സമര്‍പ്പിച്ചത്. കോവിഡിനെതിരെ വാക്സിന് കണ്ടുപിടിക്കുന്നതില്‍ ഇത് വലിയ മുന്നേറ്റമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ലോകത്താകമാനം കോവിഡിനെതിരെ നിരവധി വാക്സിന് പരീക്ഷണങ്ങളാണ് നടക്കുന്നത്.