മധ്യകേരളത്തിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് കൂടുതൽ ബലം പകരാൻ ജോസ് വിഭാഗത്തിന് കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കു കൂട്ടൽ.
ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശന വിഷയത്തിൽ കരുതലോടെ നീങ്ങാൻ ഇടത് മുന്നണി തീരുമാനം. മധ്യകേരളത്തിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് കൂടുതൽ ബലം പകരാൻ ജോസ് വിഭാഗത്തിന് കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. എന്നാൽ ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് കൂടി പരിഗണിച്ചാവും മുന്നണി നേതൃത്വം നിലപാട് വ്യക്തമാക്കുക.
യുഡിഎഫിൽ നിന്ന് പുറത്തായതോടെ ജോസ് വിഭാഗത്തിന്റെ പ്രഥമ പരിഗണന എൽഡിഎഫിലേക്കുളള പ്രവേശനമാകും. സ്വാഭാവികമായും ഇക്കാര്യത്തിൽ ഇടതുമുന്നണിയുടെ തീരുമാനമാണ് ഇനി നിർണായകമാവുക. എന്നാൽ തർക്കത്തിൽ ഉടനടി ഇടപെടേണ്ടെന്ന നിലപാടാണ് മുന്നണി നേതൃത്വത്തിനുളളത്. രാഷ്ടീയ തീരുമാനം ജോസ് പക്ഷം വ്യക്തമാക്കിയിട്ടു മാത്രമേ തുടർ നീക്കങ്ങൾ സിപിഎം ആലോചിക്കുകയുളളു. അതേസമയം വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം ജോസ് വിഭാഗത്തിന് സാധ്യത നൽകുന്നുമുണ്ട്.
“രാഷ്ട്രീയത്തില്‍ ഒരു കാര്യം എല്ലാ കാലത്തേക്കുമായി പറയാനാവില്ല. അതത് ഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുക”- എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പാലായിലും കടത്തുരുത്തിയിലുമുൾപ്പടെ മധ്യ കേരളത്തിലെ പല സീറ്റുകളിലും ജോസ് വിഭാഗത്തിൻറെ സ്വാധീനം ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുളളത്. ഈ രീതിയിലുളള ചർച്ചകൾ ഇടതുമുന്നണിയിൽ സിപിഎം നടത്താനും സാധ്യതയുണ്ട്. എന്നാൽ ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിൽ സിപിഐയ്ക്ക് എതിർപ്പുളളതിനാൽ ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിക്കാൻ സിപിഎം മുതിരില്ല.
മാത്രമല്ല യുഡിഎഫ് സർക്കാറിൻറെ കാലത്ത് കെഎം മാണിക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്ത് വന്നാൽ പ്രതിരോധിക്കുക എളുപ്പമാവില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മുന്നണിക്കുളളിലെ ഭിന്നത പരിഹരിച്ച ശേഷം മാത്രമാകും മുന്നണി വിപുലീകരണം എൽഡിഎഫ് പരിഗണിക്കുക.