Kerala

ജോസ് കെ മാണി ഇനി എങ്ങോട്ട്?

ജോസ് കെ മാണി വിഭാഗം പുറത്തേക്ക് പോകുമ്പോള്‍ ഒരു കാലത്ത് എല്‍ഡിഎഫിനൊപ്പം സജീവമായി നിന്ന ജോസഫ് യുഡിഎഫിന്‌റെ വിശ്വസ്തനാകുകയാണ്.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതോടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. നിലവില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനം എടുത്താലും ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള ശ്രമങ്ങളും ജോസ് വിഭാഗം നടത്തിയേക്കാം. എന്നാല്‍ സിപിഐയുടെ നിലപാടുകളടക്കം ഇടത് മുന്നണി പ്രവേശത്തിന് തിരിച്ചടിയായേക്കുമെന്നും സൂചനയുണ്ട്.

യുഡിഎഫിനൊപ്പമാണ് ഏറ്റവുമധികം കാലം കേരള കോണ്‍ഗ്രസ് മുന്നണി പങ്കിട്ടിട്ടുള്ളത്. പലതായി പിരിയുമ്പോഴും യുഡിഎഫിനൊപ്പം എന്നും ഒരു വിഭാഗം ഉണ്ടാകുമായിരുന്നു. നിലവില്‍ ജോസ് കെ മാണി വിഭാഗം പുറത്തേക്ക് പോകുമ്പോള്‍ ഒരു കാലത്ത് എല്‍ഡിഎഫിനൊപ്പം സജീവമായി നിന്ന ജോസഫ് യുഡിഎഫിന്‌റെ വിശ്വസ്തനാകുകയാണ്. അതുകൊണ്ട് തന്നെ ജോസ് വിഭാഗം മറുകണ്ടം ചാടാനുള്ള ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പാണ്. ഒറ്റയ്ക്ക് നില്കാനുള്ള തീരുമാനം എടുത്താലും തെരഞ്ഞെടുപ്പിന് മുന്‍പ് ഇടത് മുന്നണി പ്രവേശത്തിനുള്ള എല്ലാ വഴികളും നോക്കിയേക്കാം. എന്നാല്‍ സിപിഐ അടക്കം എതിര്‍ത്ത് നില്‍ക്കുന്നത് വലിയ തലവേദനയാകും.

ആദ്യ നായനാര്‍ മന്ത്രിസഭയിലാണ് കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമാകുന്നത്. പിന്നീട് മുന്നണി വിട്ട കേരള കോണ്‍ഗ്രസ് ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിലകൊണ്ടു. 1989ല്‍ ജോസഫ് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുന്നണി വിട്ടു. തുടര്‍ന്ന് 1991 ഇവര്‍ ഇടത് മുന്നണിയുടെ ഭാഗമായി. പിന്നീട് 2010ല്‍ എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് ജോസഫ് വിഭാഗം കെ എം മാണിയുമായി ലയിച്ചു. പിന്നാലെ യുഡിഎഫ് പ്രവേശനവും നടന്നു.

ബാര്‍ കോഴ വിവാദത്തെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫുമായിട്ടുള്ള മുന്നണി ബന്ധം പിന്നെ വേണ്ടെന്ന് വെച്ചത്. ഒറ്റയ്ക്ക് നില്‍ക്കുന്നതിനിടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഇടത് മുന്നണിയുമായി സഹകരിച്ചു. 35 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ സഹകരണം യുഡിഎഫിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമാക്കി. അധികം താമസിക്കാതെ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസിനെ യുഡിഎഫിലെത്തിച്ചു. കെ എം മാണിയുടെ മരണത്തിന് ശേഷം രണ്ടായ പാര്‍ട്ടി യുഡിഎഫില്‍ തുടര്‍ന്നെങ്കിലും ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍ യുഡിഎഫ് ജോസഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.