സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം
ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.
Government of India bans 59 mobile apps. Tik Tok, UC Browser and other Chinese apps included in the list. pic.twitter.com/RZyZ9FsAsc
— ANI (@ANI) June 29, 2020
ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.
ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക്‍ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ മുന്നേറ്റനിരയിലുള്ള ഇന്ത്യയില്‍ പക്ഷേ, ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.