എക്കാലത്തും എതിര് ചേരിയിലായിരുന്ന ഇരുവരേയും ഒരു ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത് ഇരുവരുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസാണ്…
മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുമോ? ആസാധ്യമെന്ന് പറയാന്‍ വരട്ടെ അതിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതിന് വഴിയൊരുക്കുന്നതാവട്ടെ മെസിയുടേയും റൊണാള്‍ഡോയുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസും. ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തിലായിരിക്കും മെസിയും റൊണാള്‍ഡോയും ഒന്നിച്ചിറങ്ങുക.
തന്റെ വിടവാങ്ങല്‍ മത്സരത്തിനായി മുമ്പ് ഒപ്പം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഏഴ് താരങ്ങളെയാണ് ടെവസ് തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയിലെ ഒരാളെ പോലും ടെവസ് വിളിച്ചിട്ടുമില്ല. നാല് വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം കളിച്ചെങ്കിലും രണ്ട് വര്‍ഷം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായാണ് കൂടുതല്‍ ബന്ധമെന്നും ടെവസ് പറയാതെ പറഞ്ഞിരിക്കുകയാണ്.
അര്‍ജന്റീന താരമായ ടെവസ് ഇംഗ്ലണ്ടിലെ ക്ലബുകളില്‍ ഏഴ് വര്‍ഷം കളിച്ചശേഷം ഇപ്പോള്‍ ബോക്ക ജൂനിയേഴ്സുമായി ആറ് മാസത്തെ കരാറില്‍ കളിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായി 150ലേറെ മത്സരങ്ങള്‍ ബോക്ക ജൂനിയേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട് ടെവസ്.
2006ല്‍ വെസ്റ്റ് ഹാം യുണൈറ്റഡിന് കളിച്ചുകൊണ്ടാണ് ഇംഗ്ലണ്ടില്‍ ടെവസ് കളി തുടങ്ങുന്നത്. പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും സിറ്റിക്കൊപ്പം ഒരു പ്രീമിയര്‍ ലീഗും ടെവസ് നേടി. 2008ല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സംഘത്തിലും കാര്‍ലോസ് ടെവസുണ്ടായിരുന്നു. അര്‍ജന്റീനയിലെ റേഡിയോ ല റെഡിന് നല്കിയ അഭിമുഖത്തിലാണ് തന്റെ വിടവാങ്ങല്‍ മത്സരത്തിനുള്ള സ്വപ്ന ടീമിനെക്കുറിച്ച് ടെവസ് പറഞ്ഞത്.
ജിയാന്‍ ലൂജി ബഫണ്, റിയോ ഫെര്‍ഡിനാന്‍ഡ്, ഹ്യൂഗോ ഇബാറ, പാട്രിക് എവ്റ, പോള്‍ സ്കോള്‍സ്, ആന്ദ്രേ പിര്‍ലോ, പോള്‍ പോഗ്ബ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, വെയ്ന്‍ റൂണി എന്നിവരാണ് ടെവസിനായി ബോക്ക ജൂനിയേഴ്സിനെതിരെ ഇറങ്ങുക. വിടവാങ്ങല്‍ മത്സരം കണ്ടുകൊണ്ട് താന്‍ ബെഞ്ചിലിരിക്കുമെന്നും ടെവസ് റേഡിയോ ലാ റെഡിനോട് പറഞ്ഞു. ആരെങ്കിലും തളര്‍ന്നാല്‍ പകരക്കാരനായിട്ടാകും ടെവസ് ഇറങ്ങുക.
ബോക്ക ജൂനിയേഴ്സില്‍ നിന്നും ഇബ്രയെ മാത്രമേ ടെവസ് തെരഞ്ഞെടുത്തിട്ടുള്ളൂ. ടെവസ് പ്രഖ്യാപിച്ച സംഘത്തിലെ പോഗ്ബക്കൊപ്പം യുണൈറ്റഡില്‍ അദ്ദേഹം ഒരുമിച്ചു കളിച്ചിട്ടില്ല. അതേസമയം യുവന്റസില്‍ കളിക്കുന്ന കാലത്ത് സഹതാരവുമായിരുന്നു. ക്രിസ്റ്റ്യാനോക്കൊപ്പം യുണൈറ്റഡിലും മെസിക്കൊപ്പം അര്‍ജന്റീന ദേശീയ ടീമിലുമാണ് ടെവസ് കളിച്ചിട്ടുള്ളത്.
76 തവണ അര്‍ജന്റീനക്കുവേണ്ടി കളിച്ചിട്ടുള്ള 36കാരനായ ടെവസ് ടീമിനായി 13 ഗോളുകളും നേടിയിട്ടുണ്ട്. 2004ല്‍ ഒളിംപിക്സ് സ്വര്‍ണ്ണം നേടിയ അര്‍ജന്റീന സംഘത്തിലും ടെവസ് അംഗമായിരുന്നു.