National

ബിഹാറിലും യുപിയിലുമായി ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 116 ആയി

മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാറുകൾ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.

ബിഹാറിലും യുപിയിലുമായി ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 116 ആയി. ബിഹാറിൽ 92 ഉം യുപിയിൽ 24 ഉം പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാറുകൾ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.

മൺസൂൺ എത്തിയതിന് പിന്നാലെയാണ് ബീഹാറിലും യുപിയിലും സമീപ സംസ്ഥാനങ്ങളിലും ശക്തമായ ഇടിമിന്നൽ ഉണ്ടായത്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നവരാകാം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

ബീഹാറിൽ ഗോപാൽ ഗഞ്ച് ജില്ലയിൽ 15 മരണം റിപ്പോർട്ട് ചെയ്തു. 13 പേർ കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്നു. ബീഹാറിൽ അമ്പതോളം പേർക്ക് പരിക്കുണ്ട്. ഖഗരിയ ജില്ലയിൽ 15 കാലികൾ ചത്തു. കഴിഞ്ഞവർഷം ബീഹാറിൽ 39 പേരാണ് ഇടിമിറ്റലേറ്റ് മരിച്ചത്. ഉത്തര്‍പ്രദേശിൽ ചിലയിടങ്ങളിലും സാരമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ആവശ്യമുള്ളവർക്ക് സഹായം എത്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധിയും നിർദ്ദേശിച്ചു

അതിനിടെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അസമിൽ 14 പേര്‍ മരിച്ചു. ദേമാജി, ലഖിംപൂർ, ജോർഹാത്, മജൂലി, ശിവസാഗർ, തിൻ സുകിയ, ദിബ്രുഗഡ് ജില്ലകളിലാണ് പ്രളയം. ഈ ജില്ലകളിലെ 180 ഗ്രാമങ്ങളിലെ 50,000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. 5,300 ഹെക്ടർ കൃഷി നശിച്ചു. ബ്രഹ്മപുത്ര നദി കവിഞ്ഞൊഴുകുകയാണ്.

അസമിലെ 7 ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ദുരിത ബാധിത മേഖലകളില്‍ 49 ക്യാമ്പുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. 11,500 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്