India National

‘വ്യാജമരുന്നിന്‍റെ വില്‍പന ഇവിടെ വേണ്ട’; പതഞ്ജലിയുടെ കോവിഡ് മരുന്നിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

രാംദേവിന്‍റെ പതഞ്ജലി വികസിപ്പിച്ച കൊറോണിലിന്‍റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

‘കൊറോണില്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പരിശോധിക്കും. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്’- അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കില്ല, ജാഗ്രതയോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് ട്വീറ്റ്.

കൊറോണിലിന്റെ പരസ്യങ്ങള്‍ നിരോധിക്കാന്‍ ആയുഷ് മന്ത്രാലയം തീരുമാനിച്ചതിനെ അനില്‍ ദേശ്മുഖ് സ്വാഗതം ചെയ്തു. ക്ലിനിക്കല്‍ പരിശോധനകളോ ആധികാരികമായ രജിസ്‌ട്രേഷനോ ഇല്ലാതെ കോവിഡിനെ പ്രതിരോധിക്കുമെന്ന പേരില്‍ ഇറങ്ങിയ മരുന്ന് അംഗീകരിക്കാന്‍ കഴിയില്ല. ആയുഷ് മന്ത്രാലയം അതിന്റെ പരസ്യം നിരോധിച്ചത് വലിയ കാര്യമാണ്. ജനങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അനില്‍ ദേശ്മുഖ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

മരുന്നിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ലൈസന്‍സിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാറിനോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് പതഞ്ജലിയുടെ ആസ്ഥാനം. ഏ​ഴ് ദി​വ​സം കൊ​ണ്ട് കോ​വി​ഡ് രോഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാണ് രാംദേവിന്റെ പ​ത​ഞ്ജ​ലി, ആ​യു​ർ‌​വേ​ദ മ​രു​ന്ന് പു​റ​ത്തി​റ​ക്കിയത്. കൊ​റോ​ണി​ൽ സ്വാ​സാ​രി എന്നാണ് മരുന്നിന്റെ പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച കൊണ്ട് 100 ശതമാനവും രോഗവിമുക്തി നേടാമെന്നും അദ്ദേഹം അവകാശപ്പെട്ടു.

100 രോഗികള്‍ക്ക് മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി. അവരില്‍ 69 ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി. ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം രോഗമുക്തരാകും. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നും രാം ദേവ് അവകാശപ്പെടുന്നു.

എന്നാല്‍ ഏത് ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോ, ഇതിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ രജിസ്ട്രേഷൻ നടത്തിയോ എന്നീ വിശദാംശങ്ങള്‍ കേന്ദ്രം പതഞ്ജലിയോട് ചോദിച്ചിട്ടുണ്ട്.