Kerala

സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്

കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്

സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ക്ക്‌ രോഗമുക്തി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 81 പേര്‍ രോഗമുക്തി നേടി. 98 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. എട്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3603 ആയി. 1691 പേര്‍ ചികിൽസയിലുണ്ട്. 1,54,759 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2,282 പേർ ആശുപത്രികളിൽ. ഇന്ന് 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാംപിൾ പരിശോധനക്ക് അയച്ചു. 4005 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-13, കോട്ടയം-3 ഇടക്കി-2 കോഴിക്കോട്-35 എറണാകുളം-4, തൃശ്ശൂര്‍-4, പാലക്കാട്-1, മലപ്പുറം-7. കണ്ണൂര്‍-10.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 40,537 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 39,113 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്തുനിന്ന് വരുന്നവർക്ക് സ്ക്രീനിങ് നിർബന്ധമാക്കണമെന്ന് സർക്കാർ പറഞ്ഞപ്പോൾ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവുമായാണ് ചിലർ ഇറങ്ങിയത്. പ്രവാസികളെ പ്രകോപിപ്പിക്കാനും സർക്കാരിനെതിരെ രോഷം സൃഷ്ടിക്കാനുമുള്ള ശ്രമമുണ്ടായി. ഒരു കാര്യം തുടക്കത്തിലേ സർക്കാർ വ്യക്തമാക്കിയിരുന്നു. താൽപര്യമുള്ള പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യും. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. ആ ഒരു നിലപാടിൽനിന്ന് ഒരു ഘട്ടത്തിലും സർക്കാർ പുറകോട്ട് പോയിട്ടില്ല. ഈ നിമിഷം വരെ കേരള സർക്കാർ ഒരു വിമാനത്തിന്റെയും വരവും വിലക്കിയിട്ടില്ല.