India

രാജ്യത്ത് 24 മണിക്കൂറില്‍ 15968 പേര്‍ക്ക് കോവിഡ്; ലോക്ഡൌണ്‍ ഇളവിന് ശേഷം രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

രാജ്യത്ത് 23 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതിനായിരത്തിലധിതം പേർ ഈ കാലയളവിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

രാജ്യത്ത് 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 465 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് 23 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതിനായിരത്തിലധിതം പേർ ഈ കാലയളവിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

മെയ് 31ന് ശേഷമാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വൻ വർധനയുണ്ടായത്. ലോക്ക് ഡൗൺ ഇളവ് പ്രാബല്യത്തിലായ ജൂൺ 1 മുതലാണ് ഈ വർധനവ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 4,56,183 പേര്‍ക്കാണ്.

ഡൽഹിയിൽ മാത്രം പുതിയ 3947 കോവിഡ് കേസും 68 മരണവും സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിസഭ ഇന്ന് യോഗം ചേരും.

രോഗബാധിതരുടെ എണ്ണവും മരണവും ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 1.40 ലക്ഷത്തോളം ആളുകള്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് പിടിപെട്ടു. മരണം 6500 കടന്നു. രോഗബാധിതരില്‍ രണ്ടാമതുള്ള ഡല്‍ഹിയില്‍ രോഗികള്‍ 66000 കടന്നു. മരണം 2301 ആയി. തമിഴ്‌നാട്ടില്‍ 64000ത്തിലേറെ രോഗികളുണ്ട്. മരണസംഖ്യ 900ത്തിലേക്ക് അടുക്കുകയാണ്. ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണം 10000 കടന്നു. ഇതോടെ പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.

സംസ്ഥാനങ്ങളോട് കോവിഡ് പരിശോധന വർദ്ധിപ്പിക്കാൻ ഐസിഎംആർ നിർദ്ദേശം നൽകി. ആര്‍ടി – പിസിഐര്‍, റാപ്പിഡ് ആൻറിജൻ പരിശോധന എന്നിവ നടത്താനാണ് നിർദ്ദേശം.