Sports

സിറ്റി- ബേണ്‍ലി മത്സരത്തിനിടെ ആകാശത്ത് വൈറ്റ് ലൈഫ് മാറ്റര്‍ ബാനര്‍

ബാനറിന് പിന്നില്‍ ആരായാലും അവര്‍ക്ക് തങ്ങളുടെ സ്റ്റേഡിയത്തില്‍ മേലില്‍ പ്രവേശനമുണ്ടാവില്ലെന്നും ബേണ്‍ലി അധികൃതര്‍ അറിയിച്ചു

മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലി മത്സരത്തിനിടെ എത്തിഹാദ് സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന വൈറ്റ് ലൈവ്‌സ് മാറ്റര്‍ ബേണ്‍ലി ബാനര്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ലോകമാകെ വംശീയതക്കെതിരായ മുന്നേറ്റങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രീമിയര്‍ ലീഗില്‍ വംശീയതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ബാനറില്‍ പേരുണ്ടായിരുന്നതുകൊണ്ടുതന്നെ മിനുറ്റുകള്‍ക്കകം ഇതിനെ അപലപിച്ചുകൊണ്ട് ബേണ്‍ലി ക്ലബ് അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു.

എല്ലാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കു മുമ്പും വംശീയ അധിക്ഷേപങ്ങള്‍ക്കെതിരായ പ്രതികരണമെന്ന നിലയില്‍ കളിക്കാരും റഫറിമാരും ഒഫീഷ്യലുകളും അടക്കം പത്തു സെക്കന്റോളം മുട്ടുകുത്തി ഇരിക്കാറുണ്ട്. കളിക്കാരുടെ സമാധാനപരമായ പ്രതിഷേധങ്ങള്‍ അനുവദിക്കുമെന്ന് സീസണ്‍ പുനരാരംഭിക്കും മുമ്പ് തന്നെ പ്രീമിയര്‍ലീഗ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ബ്ലാക് ലൈവ്‌സ് മാറ്റര്‍ ജേഴ്‌സിയും ആം ബാന്‍ഡുകളും അണിഞ്ഞാണ് കളിക്കാര്‍ കളത്തിലിറങ്ങുന്നത്. ഇതിനെയെല്ലാം കളിയാക്കും വിധമായിരുന്നു വൈറ്റ് ലൈവ്‌സ് മാറ്റര്‍ ബാനറിന്റെ വരവ്.

കളി തുടങ്ങി മിനുറ്റുകള്‍ക്കകം ഒരു ചെറുവിമാനത്തില്‍ കെട്ടിയാണ് വൈറ്റ് ലൈവ്‌സ് മാറ്റര്‍ ബേണ്‍ലി എന്നെഴുതിയ ബാനര്‍ ആകാശത്തുകൂടെ പറന്നത്. ആരാണ് ഈ പ്രഹസന പ്രതിഷേധത്തിന് പിന്നിലെന്ന് വ്യക്തമല്ല. കളിയുടെ ഇടവേളയില്‍ തന്നെ ബേണ്‍ലി അധികൃതര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് വിശദീകരിച്ച് രംഗത്തെത്തി. ഈ ബാനറിന് പിന്നില്‍ ആരായാലും അവര്‍ക്ക് തങ്ങളുടെ സ്റ്റേഡിയത്തില്‍ മേലില്‍ പ്രവേശനമുണ്ടാവില്ലെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.

സിറ്റി- ബേണ്‍ലി മത്സരത്തിനിടെ ആകാശത്ത് വൈറ്റ് ലൈഫ് മാറ്റര്‍ ബാനര്‍

പുതിയ തലമുറയില്‍ സ്‌കൂളുകളില്‍ നിന്നു തന്നെ ഇക്കാര്യങ്ങളില്‍ ബോധവല്‍ക്കരണം ആരംഭിക്കണമെന്നും വിദ്യാഭ്യാസത്തിന് മാത്രമേ നമ്മളെ രക്ഷിക്കാനാവൂ എന്നുമാണ് സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പ്രതികരിച്ചത്. മാറ്റത്തിന് സമയമായി എന്നാണ് ഈ ബാനര്‍ ചിത്രത്തിനൊപ്പം റഹീം സ്റ്റെര്‍ലിംഗ് ട്വീറ്റു ചെയ്തത്.