India National

വീണ്ടും പ്രകോപനവുമായി നേപ്പാള്‍; ഗന്ധക് അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ തടഞ്ഞു

പ്രളയ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ബീഹാർ സർക്കാര്‍ ഗന്ധക് അണക്കെട്ടിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപന നീക്കവുമായി നേപ്പാള്‍. ബീഹാറിലെ ഗന്ധക് അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞു. പ്രളയ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ബീഹാർ സർക്കാര്‍ ഗന്ധക് അണക്കെട്ടിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മഴക്കാലത്തു നേപ്പാൾ ഭാഗത്തെ നദികളിലെ വെള്ളം ഒഴുകിയെത്തി ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതു തടയാൻ വർഷം തോറും അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്. ഇത് ഈ വര്‍ഷം നേപ്പാള്‍ തടഞ്ഞുവെന്ന് ബീഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് ഝാ പറഞ്ഞു. നേപ്പാളുമായി ബിഹാർ 700 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പ് നേപ്പാള്‍ പാര്‍ലമെന്‍റ് ഉപരിസഭ പാസാക്കിയിരുന്നു. നേപ്പാളിലെ ഭരണകക്ഷി ഈ മാസം ആദ്യവാരം പുതിയ മാപ്പിന് അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യക്കകത്തുള്ള ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ മാപ്പാണ് നേപ്പാള്‍ ദേശീയ അസംബ്ലി എതിരില്ലാതെ പാസാക്കിയത്. 1962ലെ ചൈനയുമായിട്ടുള്ള യുദ്ധത്തിന് ശേഷം ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായി മാറിയ മേഖലകളാണ് ഇവയെല്ലാം.