Entertainment

സിനിമയെ ആര്‍ക്കാണ് പേടി? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ?; ‘വാരിയംകുന്നന്’ ഐക്യദാര്‍ഢ്യവുമായി മിഥുൻ മാനുവലും

മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ അടുത്ത വര്‍ഷമാണ് ചിത്രീകരണം

പൃഥ്വിരാജ് നായകനാവുന്ന പുതിയ സിനിമയായ വാരിയംകുന്നനിന് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ മുഥുന്‍ മാനുവല്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ വ്യാപകമായ സൈബര്‍ ആക്രമണം നടത്തുകയാണ്. ഇതിനിടയിലാണ് വാരിയംകുന്നന് ഐക്യദാര്‍ഢ്യവുമായി മിഥുന്‍ രംഗത്ത് വന്നത്.

‘സിനിമയെ ആർക്കാണ് പേടി? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌.’ എന്നായിരുന്നു മിഥുന്‍റെ ഫേസ്ബുക് പോസ്റ്റ്.

സിനിമയെ ആർക്കാണ് പേടി?? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌.. !!

ആഷിഖ് അബുവാണ് വാരിയംകുന്നന്‍ സംവിധാനം ചെയ്യുന്നത്. ഹർഷദും റമീസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. മുഹ്സിൻ പരാരി ഈ ചിത്രത്തിൽ ആഷിഖിന്റെ കോ ഡയറക്റ്റർ ആയിരിക്കും.

ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ അടുത്ത വര്‍ഷമാണ് ചിത്രീകരണം.

ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ സമരത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ മുൻനിരയിൽ നിന്ന് പോരാടിയ ആലി മുസ്‍ല്യായാരുടെ ശിഷ്യനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഒരു സമാന്തര ഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു വാരിയംകുന്നത്ത്. മലയാളരാജ്യം എന്നാണ് നാടിന് നല്‍കിയ പേര്.