Cricket Sports

ലോകകപ്പ് ഒത്തുകളി ആരോപണം ഐ.സി.സിയും ബി.സി.സി.ഐയും അന്വേഷിക്കണമെന്ന് ഡിസില്‍വ

ഇത്തരം നുണകള്‍ പറയുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. നിഷ്പക്ഷ അന്വേഷണത്തിലൂടെ സത്യമെന്താണെന്ന് ലോകത്തെ അറിയിക്കണമെന്നും അരവിന്ദ ഡിസില്‍വ…

2011 ലോകകപ്പിനെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണത്തെക്കുറിച്ച് ഐ.സി.സിയും ബി.സി.സി.ഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും അന്വേഷിക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരം അരവിന്ദ ഡിസില്‍വ. മുന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയാണ് ശ്രീലങ്ക ഇന്ത്യക്ക് ലോകകപ്പ് വിറ്റുവെന്ന വിവാദ പ്രസ്താവന നടത്തിയത്. ഇത്തരം നുണകള്‍ പറയുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും അരവിന്ദ ഡിസില്‍വ ശ്രീലങ്കന്‍ പത്രമായ സണ്‍ഡേ ടൈംസിനോട് പറഞ്ഞു.

സച്ചിനെ പോലുള്ള കളിക്കാരുടെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ഓര്‍മ്മകളിലൊന്നാണ് 2011ലെ ലോകകപ്പ്. സച്ചിനേയും ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരേയും തൃപ്തിപ്പെടുത്താനെങ്കിലും നിഷ്പക്ഷമായ അന്വേഷണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഇന്ത്യന്‍ സര്‍ക്കാരും തയ്യാറാവണം. ലോകകപ്പ് ഒത്തുകളിയാണെന്ന ആരോപണം നിരവധി പേരെ ബാധിക്കുന്നതാണ്. കളിക്കാര്‍, സെലക്ടര്‍മാര്‍, ടീം മാനേജ്‌മെന്റ് പ്രത്യേകിച്ചും ലോകകിരീടം നേടിയ ഇന്ത്യന്‍ ടീം എല്ലാവരേയും ഇത് ബാധിക്കും. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ വ്യക്തതവേണമെന്നും അരവിന്ദ ഡിസില്‍വ പറയുന്നു.

2011ലെ ഇന്ത്യ ശ്രീലങ്ക ലോകകപ്പ് ഫൈനലിനെതിരെയാണ് അന്ന് കായികമന്ത്രിയും ഇപ്പോള്‍ ലങ്കന്‍ ഊര്‍ജ്ജമന്ത്രിയുമായ മഹിന്ദാനന്ദ അലുത്ഗാമേജ ഒത്തുകളി ആരോപണം ഉന്നയിച്ചത്. മുംബൈയില്‍ നടന്ന ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്കു വിറ്റുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് മഹിന്ദാനന്ദ പറഞ്ഞത്.

മുന്‍ കായികമന്ത്രിയുടെ ആരോപണത്തിനെതിരെ 2011 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ച കുമാര്‍ സംഗക്കാരയും ഫൈനലില്‍ സെഞ്ചുറി അടിച്ച ജയവര്‍ധനെയും രംഗത്തെത്തിയിരുന്നു. ആരോപണത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഐ.സി.സിയും അന്വേഷണം നടത്തണമെന്നാണ് ഡിസില്‍വയുടെ ആവശ്യം.