National

‘ഇന്ത്യന്‍ മണ്ണില്‍ അതിക്രമമുണ്ടായില്ലെങ്കില്‍ സൈന്യം ജീവന്‍ ബലി നല്‍കിയതെന്തിന്‌ ?’

ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്.

രാജ്യത്തേക്ക് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ ചോദ്യങ്ങളുന്നയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആരും അതിര്‍ത്തി കടന്ന് അതിക്രമം നടത്തിയില്ലെങ്കില്‍ പിന്നെ ഇന്ത്യക്ക് ഇരുപത് സൈനികരെ നഷ്ടമായതെങ്ങനെയെന്ന് ഉവൈസി ചോദിച്ചു. ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്.

അതിക്രമിച്ച് കയറിയ ചൈനക്കാരെ അതിര്‍ത്തിയില്‍ നിന്ന് മാറ്റാനല്ലായെങ്കില്‍ ഇന്ത്യന്‍ സൈനികര്‍ ജീവന്‍ ബലികൊടുത്തതെന്തിനാണ്. ഒരു പ്രധാനമന്ത്രിക്കും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യന്‍ പ്രദേശങ്ങള്‍ ആര്‍ക്കെങ്കിലും ദാനം ചെയ്യാന്‍ സാധ്യമല്ല. ഉന്നത സൈനിക മേധവികളുടെ അഭിപ്രായത്തില്‍ ഗാല്‍വന്‍ താഴ് വര എല്ലായിപ്പോഴും ഇന്ത്യയുടെ ഭാഗമായിരുന്നു. എന്നാല്‍ അതിപ്പോള്‍ തങ്ങളുടേതാണെന്നാണ് ചൈന പറയുന്നത്. അതിക്രമം നടന്നിട്ടില്ലായെന്ന പ്രധാനമന്ത്രിയുടെ മറുപടി ചൈനയുടെ അവകാശവാദത്തെ അംഗീകരിച്ചു കൊടുത്തുവെന്നാണോ മനസ്സിലാക്കേണ്ടതെന്നും ഉവൈസി ചോദിച്ചു.

ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് വ്യോമ സേന പ്രസ്താവന ഇറക്കുന്നു. അതിക്രമം നടന്നിട്ടില്ലെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് സേന ഇങ്ങനെ പറഞ്ഞിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നതെന്നും ഉവൈസി ട്വറ്ററില്‍ കുറിച്ചു.