Kerala

കോവിഡ് വ്യാപനത്തിന്‍റെ തോത് കുറയുന്നത് വരെ കണ്ണൂര്‍ അടച്ചിടും

നിലവിൽ രോഗവ്യാപനം തുടരുകയാണെന്നും ഇത് കുറയുന്നത് വരെ നഗരം അടച്ചിടുമെന്നും മന്ത്രി ഇ.പി ജയരാജൻ

കണ്ണൂരിൽ കോവിഡ് വ്യാപനത്തിന്‍റെ തോത് കുറയുന്നത് വരെ നഗരം അടച്ചിടാൻ തീരുമാനം. നിലവിൽ രോഗ വ്യാപനം തുടരുകയാണെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. നഗരത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും.

തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂർ നഗരം പൂർണമായി അടഞ്ഞ് കിടക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനത്തിന്‍റെ എണ്ണം വർധിക്കുന്നതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. ഇന്നലെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മാലൂരിലെ കേസ് സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രത്യേക പഠനം നടത്തും. തില്ലങ്കേരിയിലെ എയർ ഇന്ത്യാ ജീവനക്കാരനിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മൂന്നാമത്തെ ആളാണ് ഈ മാലൂർ സ്വദേശി. മന്ത്രിമാരായ ഇ.പി ജയരാജന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തിൽ കലക്ട്രേറ്റിൽ ചേർന്ന യോഗം ജില്ലയിലെ സ്ഥിതി വിലയിരുത്തി. നിലവിൽ രോഗ വ്യാപനം തുടരുകയാണെന്നും ഇത് കുറയുന്നത് വരെ നഗരം അടച്ചിടുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ ദിവസം കോവിഡ് മരിച്ച എക്സൈസ് ഉദ്യേഗസ്ഥന്‍റെ മരണത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഉറവിടം കണ്ടെത്താത്ത ജില്ലയിലെ കോവിഡ് കേസുകളെക്കുറിച്ചും ഈ സംഘം അന്വേഷിക്കുന്നുണ്ട്.