ഏതാണ്ട് 1158 കോടി രൂപയാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഭക്ഷണ കൂപ്പണ്‍ നല്‍കുന്ന പദ്ധതിക്കായി റാഷ്‌ഫോഡിന്റെ പ്രചാരണത്തിന് പിന്നാലെ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്…
ജൂണ്‍ പതിനഞ്ചിനാണ് യുവ ഫുട്‌ബോളര്‍ മാര്‍ക്കസ് റാഷ്‌ഫോഡ് ബ്രിട്ടനിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണ കൂപ്പണ്‍ പദ്ധതി തുടരണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തെഴുതിയത്. ബ്രിട്ടീഷ് ജനപ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള റാഷ്‌ഫോഡിന്റെ കത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ നയം തിരുത്താന്‍ തയ്യാറായിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍. അര്‍ഹരായ കുട്ടികള്‍ക്ക് ഭക്ഷണ കൂപ്പണ്‍ വിതരണം ചെയ്യാനുള്ള പദ്ധതിക്ക് ജൂണ്‍ 16ന് ബ്രിട്ടന്‍ അനുമതി നല്‍കി. സര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദി അറിയിച്ചുകൊണ്ട് 22കാരന്‍ റാഷ്‌ഫോഡിന്റെ ട്വീറ്റും പിന്നാലെയെത്തി.
ബ്രിട്ടനിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമാണ് റാഷ്‌ഫോഡിന്റെ ഇടപെടലിലൂടെ താത്ക്കാലികമായെങ്കിലും പരിഹരിക്കപ്പെട്ടിരിക്കുന്നത്. താന്‍ കുട്ടിക്കാലത്ത് അനുഭവിച്ച ദാരിദ്ര്യവും സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പ്രാധാന്യവും വിവരിക്കുന്ന ദീര്‍ഘവും വൈകാരികവുമായ കത്തായിരുന്നു ജൂണ്‍ 15ന് റാഷ്‌ഫോഡ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്.
2020ലും ഇംഗ്ലണ്ടിലെ കറുത്തവര്‍ഗ്ഗക്കാര്‍ അടക്കമുള്ള ന്യൂപക്ഷ വിഭാഗങ്ങളിലെ 45 ശതമാനം കുട്ടികളും പട്ടിണിയിലാണെന്ന് മറക്കരുതെന്ന് റാഷ്ഫോഡ് കത്തില്‍ പറഞ്ഞിരുന്നു. സൗജന്യ ഭക്ഷണ കൂപ്പണ് ഇംഗ്ലണ്ടിലെ ഏതാണ്ട് 13 ലക്ഷം വിദ്യാര്‍ഥികള്‍ അര്‍ഹരാണെന്നാണ് ഫുഡ് ഫൗണ്ടേഷന്‍ മെയ് മാസത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. രണ്ട് ലക്ഷത്തോളം സ്‌കൂള്‍ കുട്ടികളെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് പട്ടിണി അനുഭവിക്കുന്നുണ്ടെന്നാണ് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തത്.
സര്‍ക്കാര്‍ നയം തിരുത്തിയതിന് പിന്നാലെ ജനപ്രതിനിധികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് റാഷ്‌ഫോഡ് ട്വീറ്റു ചെയ്തു.
‘കോവിഡിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിസന്ധിയിലായ രാജ്യത്തെ വലിയൊരു വിഭാഗം രക്ഷിതാക്കളുടെ കരച്ചിലിനുള്ള മറുപടിയാണിത്. ആ കരച്ചില്‍ കേള്‍ക്കാനൊരു വേദിയൊരുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്താണോ ശരി അതിനൊപ്പം നമ്മള്‍ നിന്നതില്‍ അഭിമാനമുണ്ട്. നമുക്ക് ഒരുപാട് മുന്നോട്ട് പോകാനുണ്ട്. എങ്കില്‍ പോലും ഇത്തരം കുടുംബങ്ങളുടെ ആശങ്കയിലൊന്ന് കുറക്കാനായെന്നതില്‍ നന്ദിയുണ്ട്. നമ്മുടെ കുട്ടികളുടെ സന്തുഷ്ട ജീവിതമാണ് എക്കാലത്തും മുന്നിലെത്തേണ്ടത്’
മാര്‍ക്കസ് റാഷ്‌ഫോഡ്
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ബ്രിട്ടനിലെ സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. ഇക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ആഴ്ച്ചയില്‍ 15 പൗണ്ട് വീതം ചിലവാക്കാന്‍ സാധിക്കുന്ന ഭക്ഷണ കൂപ്പണ്‍ നല്‍കിയിരുന്നു. ഈ കൂപ്പണ്‍ ഉപയോഗിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്നും മറ്റും ഭക്ഷണം വാങ്ങാനാകും.
🗣 to all MPs pic.twitter.com/Dc4weMvTHN
— Marcus Rashford (@MarcusRashford) June 16, 2020
ഈ പദ്ധതിയുടെ കാലാവധി അടുത്തമാസം അവസാനിക്കാനിക്കുമെന്ന പശ്ചാത്തലത്തിലാണ് റാഷ്‌ഫോഡ് മുന്നിട്ടിറങ്ങിയതും സര്‍ക്കാര്‍ തീരുമാനം മാറ്റിയതും. ഈ വേനല്‍ കാലത്തേക്ക് കൂടി പദ്ധതി നീട്ടുകയാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കുടുംബങ്ങള്‍ നേരിടുന്ന സമ്മര്‍ദം തിരിച്ചറിഞ്ഞാണ് പദ്ധതി നീട്ടാന്‍ തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ വ്യക്തമാക്കി.