തുടര്‍ച്ചയായി എട്ടാം തവണയും ബയേണ്‍ മ്യൂണിച്ച് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായി. സീസണിലെ തുടര്‍ച്ചയായ പതിനൊന്നാം വിജയം പൂര്‍ത്തിയാക്കിയാണ് ബയേണ്‍ കിരീടം ഉറപ്പിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോട്ട്മുണ്ടിന് പിടിക്കാന്‍ സാധിക്കുന്നതിലും അകലത്തിലെത്താന്‍ ബയേണിനായി.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളില്‍ വെര്‍ഡറെ തോല്‍പിച്ചാണ് ബയേണിന്റെ കിരീടധാരണം. സീസണിലെ 31ാമത് ഗോളാണ് പോളിഷ് മുന്നേറ്റക്കാരന്‍ മത്സരത്തിന്റെ 43ാം മിനുറ്റില്‍ കുറിച്ചത്. 79ാം മിനുറ്റില്‍ ബയേണിന്റെ അല്‍ഫോണ്‍സോ ഡേവിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും അത് മത്സരഫലത്തെ സ്വാധീനിച്ചില്ല.
മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ജര്‍മ്മന്‍ ലീഗില്‍ വീണ്ടും കളി തുടങ്ങിയപ്പോള്‍ അസാധ്യ ഫോമിലായിരുന്നു ബയേണ്‍. തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ചാണ് ബയേണ്‍ കിരീടം ഉറപ്പിച്ചത്. ബുണ്ടസ് ലിഗയില്‍ ഇത് 29ാം തവണയാണ് ബയേണ്‍ മ്യൂണിച്ച് ചാമ്പ്യന്മാരാകുന്നത്.