Entertainment

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം പുതിയ വിവാദങ്ങളിലേക്ക്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യ പുതിയ വിവാദങ്ങളിലേക്ക്. പ്രഗത്ഭനായ നടനായിട്ടും സുശാന്തിന് ആവശ്യത്തിന് അവസരം ലഭിക്കാതിരുന്നത് ബോളിവുഡിലെ കോക്കസുകള്‍ കാരണമാണെന്ന് താരങ്ങള്‍ തന്നെ ആരോപിക്കുന്നു. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ബോളിവുഡിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. സുശാന്തിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും ആത്മഹത്യാ പ്രേരകമായ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

സുശാന്തിനെ വിഷാദ രോഗിയാക്കിയതില്‍ ബോളിവുഡിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപിച്ച് പ്രശസ്ത നടീ നടന്‍മാര്‍ തന്നെ രംഗത്തെത്തി. ഗോഡ്ഫാദര്‍ ഇല്ലാത്തത് കാരണമാണ് കഴിവുണ്ടായിട്ടും സുശാന്തിന് അവസരങ്ങള്‍ ലഭിക്കാതിരുന്നതെന്ന് നടി കങ്കണ റണൌത്ത് പറഞ്ഞു. സുശാന്തിന്റെ വിഷാദരോഗവും ആത്മഹത്യയും എല്ലാവരും നിസാരവത്കരിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി.

ബോളിവുഡ് ആത്മപരിശോധന നടത്തേണ്ട സമയമായെന്നായിരുന്നു നടന്‍ വിവേക് ഒബ്റോയിയുടെ പ്രതികരണം. സുശാന്തിന്റെ മരണം സിനിമാ പ്രവര്‍ത്തകരുടെ കണ്ണ് തുറപ്പിക്കണമെന്നും കഴിവുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും വിവേക് ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് കുറിപ്പ്.

സുശാന്തിന് സിനിമയില്‍ അര്‍ഹിക്കുന്ന അവസരം ലഭിക്കാത്തതില്‍ സംവിധായകന്‍ കരണ്‍ ജോഹറിന് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുശാന്തിന്റെ സുഹൃത്തുക്കളായ മഹേഷ് ഷെട്ടി, റിയ ചക്രബര്‍ത്തി എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആഷിഖ് അബു, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയ മലയാളി സംവിധായകരും വിഷാദരോഗത്തെ കുറിച്ച് ആളുകള്‍ ബോധവാന്‍മാരാകണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങലിലൂടെ രംഗത്തെത്തിയിട്ടുണ്ട്.