ജില്ലാ രൂപീകരണത്തിന്റെ 51 വർഷം പിന്നിടുമ്പോൾ സകല മേഖലകളിലും തലയുയർത്തി നിൽക്കുകയാണ് മലപ്പുറം
മലപ്പുറം ജില്ലക്കിന്ന് അൻപത്തി ഒന്നാം പിറന്നാൾ. ജില്ലാ രൂപീകരണത്തിന്റെ 51 വർഷം പിന്നിടുമ്പോൾ സകല മേഖലകളിലും തലയുയർത്തി നിൽക്കുകയാണ് മലപ്പുറം.
ഒട്ടേറെ ചർച്ചകൾക്കൊടുവിലാണ് 1969 ജൂൺ 16-ന് മലപ്പുറം ജില്ല രൂപീകൃതമാകുന്നത്. കോഴിക്കോടിന്റെയും പാലക്കാടിന്റെയും ഭൂപ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത് ജില്ല പിറവി കൊള്ളുമ്പോൾ, മലപ്പുറത്തിന് മാത്രമായി ഒന്നുമുണ്ടായിരുന്നില്ല.
പിന്നീടങ്ങോട്ട് ഒട്ടേറെ മേഖലകളിൽ ജില്ല പുരോഗതിയുടെ പടവുകൾ താണ്ടി. സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ, അക്ഷയ തുടങ്ങിയ പദ്ധതികളിലൂടെ മലപ്പുറം രാജ്യത്തിന് മാതൃകയായി. വികസന രംഗത്തും വിദ്യാഭ്യാസ മേഖലയിലും മലപ്പുറം മുന്നിട്ടുനിന്നു. സാമൂഹ്യ സൗഹൃദവും പരസ്പര സ്നേഹവും മലപ്പുറത്തിന്റെ പെരുമ കൂട്ടി.
അമ്പതാം വാർഷികം പ്രമാണിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രത്യേക ആഘോഷപരിപാടികൾ വിഭാവനം ചെയ്തിരുന്നുവെങ്കിലും കോവിഡ്, പ്രളയം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ഉപേക്ഷിക്കുകയായിരുന്നു.