‘സ്വപ്നം പോലും കാണാന്‍ പറ്റില്ല ഇങ്ങനെയൊരു വീട്, പകരം നല്‍കാനുളളത് ഞങ്ങളുടെ പ്രാര്‍ഥന’- പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഒരുക്കിയ സ്നേഹക്കൂടുകളിലൊന്നിലെ താമസക്കാരന്‍ രാജന്‍ പറയുന്നു..
പ്രളയ ബാധിതര്‍ക്കായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ടൌണ്‍ഷിപ്പ് പദ്ധതികളിലൊന്നാണ് ഇന്ന് വയനാട്ടിലെ പനമരത്ത് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തുറന്നു കൊടുക്കുന്നത്. 2018ലെ പ്രളയക്കെടുതില്‍പെട്ട വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 25 കുടുംബങ്ങള്‍ താമസിക്കാനെത്തുന്ന ഗ്രാമത്തിന് പീപ്പിള്‍സ് വില്ലേജ് എന്നാണ് നാമകരണം ചെയ്തത്. രാഹുല്‍ ഗാന്ധി എംപി, മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പദ്ധതി സമര്‍പ്പണ ചടങ്ങിന്‍റെ ഭാഗമാകും.
ഓരോ പ്രളയ കാലത്തും ഭീതിയോടെ കഴിഞ്ഞിരുന്ന കുടുംബങ്ങളാണ് ഇപ്പോള്‍ പീപ്പിള്‍സ് വില്ലേജിന്‍റെ സ്നേഹ തണലിലേക്ക് താമസക്കാരായെത്തിയത്. പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവരും പറിച്ചെറിയപ്പെട്ടവരുമായ ഇവരെ ചേര്‍ത്ത് പിടിച്ച് സ്നേഹക്കൂടുകളൊരുക്കി നല്‍കുകയായിരുന്നു.
പീപ്പ്ള്‍സ് ഫൌണ്ടേഷന്‍ 550 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളില്‍ രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ശുചിമുറിയുമുണ്ട്. നിറഞ്ഞ സന്തോഷത്തോടെയാണിവര്‍ പുതിയ വീടുകളിലേക്ക് വലതു കല്‍വെച്ച് കയറിയത്.
പ്രളയ ബാധിതര്‍ക്കായുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടൌണ്‍ഷിപ്പുകളിലൊന്നാണിവിടെ യാഥാര്‍ത്ഥ്യമായത്. വെറും 10 മാസം കൊണ്ട് ഒരു പുതിയ ഗ്രാമം തന്നെയാണിവര്‍ നിര്‍മ്മിച്ചെടുത്തത്. സര്‍ക്കാര്‍ പുനരധിവാസ പദ്ധതികള്‍ പലതും പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് ഒരു സന്നദ്ധ സംഘടന സേവന പാതയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്.