സ്റ്റേഡിയങ്ങൾ, മൈതാനങ്ങൾ എന്നിവിടങ്ങളിലെല്ലാം കിടക്കകൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
ഡൽഹിയിൽ കോവിഡ് മരണം 1000 കടന്നു. ആകെ മരണം 1085ഉം രോഗികളുടെ എണ്ണം 34687ഉം ആയതായി സർക്കാർ അറിയിച്ചു. കോവിഡ് ചികിത്സക്കായി മാറ്റിവച്ച കിടക്കകളിലെല്ലാം പരമാവധി ഓക്സിജൻ സൗകര്യം ഒരുക്കണമെന്ന് സർക്കാർ നിർദേശം നൽകി. സാഹചര്യം മുതലെടുത്ത് ഹോം ഐസൊലേഷൻ – ക്വാറന്റൈന് പാക്കേജുകളുമായി പല ഹെൽത്ത് കെയർ ടീമുകളും എത്തിയിട്ടുണ്ട്.
ഏറ്റവും ഉയർന്ന കോവിഡ് കണക്കാണ് ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. 65 മരണവും 1877 പുതിയ കേസും. 12731 പേർ രോഗമുക്തരായി. 35.08% ആണ് രോഗവ്യാപന നിരക്ക്. രോഗബാധക്ക് അനുസൃതമായി പരിശോധന വർധിപ്പിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇതിനിടെ സർക്കാർ പുതിയ ഡിസ്ചാർജ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി.
കോവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിട്ടുള്ള കിടക്കകളിലെല്ലാം പരമാവധി ഓക്സിജൻ സൗകര്യമൊരുക്കാൻ സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്റ്റേഡിയങ്ങൾ, മൈതാനങ്ങൾ എന്നിവിടങ്ങളിലെല്ലാം കിടക്കകൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. നിലവിൽ ആശുപത്രികൾ എല്ലാം നിറഞ്ഞ അവസ്ഥയിലാണ്. സർക്കാർ ആശുപത്രികളിൽ പലതിലും കിടക്കകൾ ഒഴിവ് ഉണ്ടെന്നും വൃത്തികുറവ് മൂലം ജനങ്ങൾ സമീപിക്കാത്തതാണെന്നും റിപ്പോർട്ടുകളുണ്ട്.
ഈ സാഹചര്യം മുതലെടുത്താണ് ഹെൽത്ത് കെയർ ടീമുകൾ രംഗത്തെത്തിയിട്ടുള്ളത്. ഓക്സിജൻ സൗകര്യം അടക്കമുള്ള ഹോം ഐസൊലേഷൻ, ക്വാറന്റൈന് പാക്കേജുകൾ ആണ് ഇവർ മുന്നോട്ടു വെക്കുന്നത്. 15000 രൂപയാണ് പ്രതിദിനം ഈടാക്കുന്നത്. ഒരു ലക്ഷം മുൻകൂറായി കെട്ടിവക്കണം. മാക്സ് ഹെല്‍ത്ത് കെയര്‍, ഫോര്‍ടിസ് തുടങ്ങിയ ആശുപത്രികളും ഇത്തരം പാക്കേജുകൾ തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യ നാലാമത്
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്തെത്തി. 8102 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
നഗരങ്ങളിലെ ചേരികളിലാണ് രോഗബാധാ സാധ്യത കൂടുതലെന്നും സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടർന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്നും ഐസിഎംആർ അറിയിച്ചു. അതിനിടെ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ, മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ ആക്ടീവ് കേസുകൾ 1,37,448 ആണ്. 1,41,029 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 49.21 ശതമാനവും മരണനിരക്ക് 2.8 ശതമാനവുമാണ്.
മഹാരാഷ്ട്രയിയിലാണ് കോവിഡ് ബാധ ഏറ്റവും സങ്കീർണ്ണമായി തുടരുന്നത്. മഹാരാഷ്ട്രയിൽ 3607 പുതിയ കേസും 152 മരണവും കൂടി റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 97,648 ആയി. ഹരിയാനയിൽ 389 കേസും 12 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിൽ 238 കോവിഡ് കേസും ആറ് മരണവും കൂടി സ്ഥിരീകരിച്ചു.
രോഗബാധ വർധിച്ചതിനാൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 80 മന്ത്രാലയങ്ങളിൽ നിന്നുള്ള ജീവനക്കാർ കേന്ദ്ര പേഴ്സണൽകാര്യ മന്ത്രാലയത്തെ സമീപിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഒന്നിടവിട്ട് ഓഫീസിൽ എത്തുന്ന വിധത്തിൽ ഹാജർ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. റഷ്യയില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവും അമേരിക്കയില്‍ 20 ലക്ഷത്തിലേറെ കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തത്.