സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടരണം, ഇല്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന് ഐ.സി.എം.ആറി(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്)ന്റെ മുന്നറിയിപ്പ്. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധാ സാധ്യത കൂടുതല്‍. സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടരണമെന്നും ഇല്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്.
രോഗം വലിയ രീതിയിൽ ഇനിയും പടർന്നേക്കാം. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവർ നിർദേശം നൽകി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സർവേ സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന ഐസിഎംആർ ഇതുസംബന്ധിച്ചു മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് ഇതുവരെ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ലെന്നും രോഗമുക്തി നിരക്ക് 49.2 ശതമാനമാണെന്നും അറിയിച്ചു. സർവേ നടത്തിയ 83 ജില്ലകളിലെ ജനസംഖ്യയുടെ 0.73 ശതമാനം പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്. ഒരു ലക്ഷം ജനങ്ങളെ കണക്കിലെടുത്താൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ മരണനിരക്ക് കുറവാണെന്നും ഐസിഎംആർ അവകാശപ്പെട്ടു. രാജ്യത്ത് വിവിധ നഗരങ്ങളിലും ചേരിപ്രദേശങ്ങളിലും രോഗവ്യാപനം കൂടാൻ സാധ്യതയുണ്ട്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവരെ പ്രത്യേകം പരിരക്ഷിക്കണം. സാമൂഹിക അകലം ഉൾപ്പെടെയുളള മുൻകരുതൽ നടപടികൾ ഗൗരവത്തോടെ കാണണം. എങ്കിൽ മാത്രമേ ഗുരുതര സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കൂവെന്നും വ്യക്തമാക്കി.