Kerala

ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകില്ല; അതിരപ്പിള്ളി പദ്ധതിക്കെതിരെ പരസ്യ നിലപാടുമായി സി.പി.ഐ

മുന്നണിയുടെ അജണ്ടയിലും പ്രകടന പത്രികയിലും ഇല്ലാത്ത കാര്യമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു

അതിരപ്പള്ളി പദ്ധതിക്കെതിരെ പരസ്യ നിലപാടുമായി സി.പി.ഐ. മുന്നണിയുടെ അജണ്ടയിലും പ്രകടന പത്രികയിലും ഇല്ലാത്ത കാര്യമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും കാനം വ്യക്തമാക്കി. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലെന്നായിരുന്നു മന്ത്രി എം.എം മണിക്ക് കാനം മറുപടി നല്‍കിയത്.

അതേസമയം അതിരപ്പിള്ളി പദ്ധതി വേണം എന്നാണ് തന്‍റെ നിലപാടെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. കോൺഗ്രസിൽ മുന്‍പ് വ്യത്യസ്ത നിലപാട് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് സമവായത്തിലൂടെ നിലപാട് വേണമെന്ന് പറഞ്ഞത്. പദ്ധതിക്ക് തുടക്കം കുറിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു. പദ്ധതിക്കെതിരെ യു.ഡി.എഫ് രംഗത്ത് വന്നതിന് പിന്നാലെയാണ് മുരളീധരന്‍റെ പ്രതികരണം.

ഈ മാസം നാലിന് ഇറക്കിയ ഉത്തരവിലൂടെ ഊര്‍ജ്ജ വകുപ്പാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയത്. ഏഴു വര്‍ഷത്തേക്കാണ് എന്‍.ഒ.സി.അതിരപ്പള്ളി പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക അനുമതിക്കായി കേന്ദ്ര വൈദ്യുത അതോറിറ്റിയെ സമീപിക്കേണ്ടതുണ്ടെന്ന് കാണിച്ച് കെ എസ് ഇ ബി ചെയര്‍മാന്‍ ഊര്‍ജവകുപ്പിന് കത്തയക്കുന്ന ജൂണ്‍ 1 നാണ്. ജൂണ്‍ 4 ന് തന്നെ എന്‍.ഒ.സി നല്‍കി ഊര്‍ജവകുപ്പ് ഉത്തരവിറക്കി. അനുമതികള്‍ റദ്ദായ ജല വൈദ്യുതി പദ്ധതികള‍് പുനപരിശോധിക്കാന്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിറ്റി 2019 ല്‍ തീരുമാനമെടുത്തിരുന്നു. ഇതിന്‍റ ഭാഗമായി അതിരപ്പള്ളി പദ്ധതി കൂടി സമര്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു.

163 മെഗാവാട്ട് ശേഷിയുള്ള പദ്ധതി ചാലക്കുടി പുഴയിലാണ് നടപ്പാക്കുക. 7 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക് കൂട്ടല്‍