Kerala Pravasi

ആതിരയ്ക്കും നിധിനും പെണ്‍കുഞ്ഞ്: പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ ആതിര

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ, ആതിര അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.. സിസേറിയനായിരുന്നു. ഭര്‍ത്താവ് നിധിന്‍റെ വിയോഗ വാര്‍ത്ത ഇനിയും ആതിരയെ അറിയിച്ചിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.

ലോക്ക്ഡൌണില്‍ വിദേശത്ത് കുടുങ്ങിപ്പോയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ ദമ്പതികളായി ആണ് ആദ്യം മലയാളികള്‍ ആതിര-നിധിന്‍ ദമ്പതികളെ അറിഞ്ഞത്. സുപ്രീം കോടതിയില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രവാസി മലയാളികള്‍ ആതിരയുടെ പേരിലായിരുന്നു ഹരജി നല്‍കിയിരുന്നത്. ഇന്‍കാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിലായിരുന്നു ഹരജി നല്‍കിയത്.

മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തിലാണ് കോഴിക്കോട്ടുകാരിയായ ആതിര നാട്ടിലേക്ക് തിരിച്ചത്. ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആതിരയുടെ യാത്ര നീണ്ടത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് നല്‍കിയത്. ഷാഫി പറമ്പിലിന്‍റെ സമ്മാനം സ്വീകരിച്ച ആതിരയും നിധിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചിരുന്നു. രണ്ടു പേര്‍ക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണവും അവര്‍ പകരം നല്‍കി.

റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്‍റെ മകനാണ് നിധിൻ. ദുബായ് റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.