India National

അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാം: അമിത് ഷായെ ട്രോളി രാഹുല്‍ ഗാന്ധി

അതിര്‍ത്തി സംരക്ഷിക്കാനറിയാവുന്നവരില്‍ അമേരിക്കക്കും ഇസ്രാഈലിനും തൊട്ടുപിറകില്‍ ഇന്ത്യയും ഉണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ‘കൊട്ടി’ രാഹുല്‍ ഗാന്ധി.

അതിര്‍ത്തി സംരക്ഷിക്കാനറിയാവുന്നവരില്‍ അമേരിക്കക്കും ഇസ്രാഈലിനും തൊട്ടുപിറകില്‍ ഇന്ത്യയും ഉണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ‘കൊട്ടി’ രാഹുല്‍ ഗാന്ധി. അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ രാജ്യം നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്ന വെര്‍ച്വല്‍ റാലിയില്‍ അതിര്‍ത്തികാക്കേണ്ടത് എങ്ങനെയെന്ന് രാജ്യത്തിന് അറിയാമെന്നതിന്റെ തെളിവാണ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രതിരോധ നയത്തിന് ആഗോള സ്വീകാര്യത ലഭിക്കുകയാണ്. യുഎസിനും ഇസ്രായേലിനും ശേഷം സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകം അംഗീകരിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

അതേസമയം മെയ് ആദ്യവാരം മുതല്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ രൂക്ഷമായി തുടര്‍ന്നുവരുന്ന പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ‘അതിര്‍ത്തിയിലെന്താണ് നടക്കുന്നതെന്നൊക്കെ എല്ലാവര്‍ക്കുമറിയാം. മനസ്സിനെ സന്തോഷിപ്പിക്കാന്‍ വേണമെങ്കില്‍ ‘ഇങ്ങനെ’ പ്രകടിപ്പിക്കുന്നത് നല്ലതായിരിക്കുമെന്നായിരുന്നു’ അമിത് ഷായുടെ പ്രസ്താവന പങ്കുവെച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്