ഫെബ്രുവരി 28ന് ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂസിലന്റില്‍ ഇപ്പോള്‍ ഒരാള്‍ക്ക് പോലും കോവിഡില്ല. കഴിഞ്ഞ 17 ദിവസമായി പുതിയ കോവിഡ് കേസുകളില്ല…
ഏതാണ്ടെല്ലാ ലോകരാജ്യങ്ങളും കോവിഡിനെതിരായ പോരാട്ടത്തില്‍ പകച്ചു നില്‍ക്കുമ്പോഴാണ് ന്യൂസിലാന്റ് കോവിഡ് മുക്തമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും രോഗമുക്തനാവുകയും കഴിഞ്ഞ 17 ദിവസമായി ഒരു കോവിഡ് രോഗം പോലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് ന്യൂസിലന്റിന്റെ പ്രഖ്യാപനം. കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം ഇപ്പോഴാണ് ന്യൂസിലന്റില്‍ ഒരാള്‍ക്ക് പോലും കോവിഡ് ഇല്ലാതിരിക്കുന്നത്.
ന്യൂസിലന്റ് എന്ന ചെറു ദ്വീപു രാഷ്ട്രം എങ്ങനെ ആഗോളതലത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. അതിന് കാരണങ്ങള്‍ നിരവധിയാണ്. ഫെബ്രുവരി 28നാണ് ന്യൂസിലന്റില്‍ ആദ്യമായി കോവിഡ് കണ്ടെത്തുന്നത്. ഇറാനിലേക്ക് യാത്ര പോയ 60 വയസ്സുകാരനാണ് ആദ്യമായി കോവിഡ് വൈറസ് സ്ഥിരീകരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലേ ഏതാണ്ട് ഏഴ് ആഴ്ച്ച നീണ്ട കര്‍ശനമായ ലോക്ഡൗണാണ് ന്യൂസിലന്റില്‍ നടപ്പാക്കിയത്. ഇതിനോട് ജനങ്ങളുടെ ഭാഗത്തു നിന്നും പൂര്‍ണ്ണ സഹകരണവും ലഭിച്ചു.
കിവീസ് ക്രിക്കറ്റ് താരം ജിമ്മി നീഷാം ട്വീറ്റ് ചെയ്തതുപോലെ ന്യൂസിലന്റ് ജനതയുടെ ആസൂത്രണവും നിശ്ചയദാര്‍ഢ്യവും ഒരുമയുമാണ് അവരെ ഈ വിജയനിമിഷത്തിലെത്തിച്ചത്.
Coronavirus free NZ! Congratulations everyone 😁
— Jimmy Neesham (@JimmyNeesh) June 8, 2020
Once again those great kiwi attributes: planning, determination and teamwork do the job 🎉
ദക്ഷിണ പസഫിക്കിലെ ഒറ്റപ്പെട്ടുകിടക്കുന്ന പ്രധാനമായും രണ്ട് ദ്വീപുകള്‍ മാത്രമുള്ള കൊച്ചു രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അവര്‍ക്ക് സഹായകരമായി. വളരെയെളുപ്പത്തില്‍ ന്യൂസിലന്റിന് പുറമേ നിന്നുള്ളവരുടെ വരവ് നിയന്ത്രിക്കാന്‍ സാധിച്ചു. ആകെ 1174 പേര്‍ക്ക് മാത്രമാണ് ന്യൂസിലന്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണമാകട്ടെ 22ല്‍ ഒതുങ്ങി. 48.9 ലക്ഷം മാത്രമുള്ള ജനസംഖ്യയും ന്യൂസിലന്റിന് നിയന്ത്രണങ്ങള്‍ ഫലപ്രദമാക്കാന്‍ സഹായിച്ചു.
ന്യൂസിലന്റ് കോവിഡ് വിമുക്തമായി എന്നതിന് കോവിഡ് ഇനിയൊരിക്കലും ന്യൂസിലന്റില്‍ വരില്ല എന്ന അര്‍ഥമില്ല. മറ്റു ലോകരാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡിന്റെ ചങ്ങല വിജയകരമായി പൊട്ടിക്കാന്‍ ന്യൂസിലന്റിനായി. അതുകൊണ്ടുതന്നെയാണ് അതിര്‍ത്തികളിലെ നിയന്ത്രണം ഒഴികെയുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്റ ആഡേണ്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതും. പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് ഇനി മുതല്‍ ന്യൂസിലന്റില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. പൊതുഗതാഗതവും പഴയതുപോലെയായിട്ടുണ്ട്.