തൃശൂരിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി.
ശ്വാസം മുട്ടലിനെ തുടർന്നാണ് ഏങ്ങണ്ടിയൂർ സ്വദേശി കുമാരാൻ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ ഇരിക്കവേയാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടന്‍ മരണം സംഭവിച്ചു. ന്യൂമോണിയ ബാധിതനായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കി.
ചേറ്റുവ സ്വകാര്യ ആശുപത്രിയിലേതുൾപ്പെട്ട ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളിലേക്കും അധികൃതർ കടന്നിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.
ഇന്നലെയും കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു
സംസ്ഥാനത്ത് മൂന്നാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. ഇന്നലെ 107 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര് വിദേശത്ത് നിന്ന് വന്നവരും 28 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1095 ആയി. 41 പേര് രോഗമുക്തി നേടി.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും ആലപ്പുഴയില്‍ 7 പേരുടെയും സാമ്പിളുകള്‍ പോസിറ്റീവായിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. തിരുവനന്തപുരത്ത് 4 പേര്‍ക്കും കോട്ടയം, കാസര്‍കോട് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 2 പേരുടെയും ഇടുക്കിയില്‍ ഒരാളുടെയും സാമ്പിള്‍ പോസിറ്റീവായി.
രോഗം സ്ഥിരീകരിച്ചതില്‍ 71 പേര് വിദേശത്ത് നിന്ന് വന്നവരും 28 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ചികിത്സയിലിരുന്ന 41 പേര് രോഗവിമുക്തരായിട്ടുണ്ട്. 191481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 144 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.